തിരിച്ചടിക്കാന്‍ ബാലക്കോട്ടും സമീപ പ്രദേശങ്ങളും തിരഞ്ഞെടുക്കാന്‍ കാരണം?

പാക്കിസ്ഥാനിലെ എല്ലാ തീവ്രവാദ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ഇതേ പ്രദേശങ്ങളില്‍ തന്നെയാണ്.  

Updated: Feb 27, 2019, 08:32 AM IST
തിരിച്ചടിക്കാന്‍ ബാലക്കോട്ടും സമീപ പ്രദേശങ്ങളും തിരഞ്ഞെടുക്കാന്‍ കാരണം?

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് ബദലായി ജെയ്‌ഷെ ഭീകരരുടെ ഏറ്റവും വലിയ താവളം തകര്‍ത്ത് തരിപ്പണമാക്കി കൊണ്ട് ഇന്ത്യന്‍ സേന പ്രതികാരം തീര്‍ത്തു. ശത്രുക്കള്‍ക്കു മേല്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേന ബാലക്കോട്ടും സമീപ പ്രദേശങ്ങളുമാണ് തിരഞ്ഞെടുത്തത്. എന്നാല്‍, ഈ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാന്‍ ചില കാരണങ്ങളുണ്ട്.

വനപ്രദേശമായ ബാലക്കോട്ടും സമീപ പ്രദേശങ്ങളിലുമാണ് പാക്ക് ഭരണകൂടത്തിന്റെ അറിവോടു കൂടി തന്നെ ഭീകരര്‍ക്കായി പരിശീലന ക്യാംപുകള്‍ നടത്തി വരുന്നത്. പാക്കിസ്ഥാനിലെ എല്ലാ തീവ്രവാദ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ഇതേ പ്രദേശങ്ങളില്‍ തന്നെയാണ്.

വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനു ശേഷമാണ് വനമേഖലാ പ്രദേശത്തുണ്ടായിരുന്ന ജെയ്‌ഷെ ഭീകരരുടെ ഏറ്റവും വലിയ ക്യാംപില്‍ ഇന്ത്യ ആക്രമണം നടത്തിയത്. തീവ്രവാദി തലവന്‍ മൗലാനാ മസൂദ് അസറിന്റെ ഭാര്യ സഹോദരനായ യൂസഫ് അസറിന്റെ നേതൃത്വത്തിലുള്ള പരിശീലന ക്യാംപുകളാണ് ഇന്ത്യ പൂര്‍ണമായി തകര്‍ത്തിരിക്കുന്നത്. 

ജെയ്‌ഷെ ഭീകരരുടെ കണ്‍ട്രോള്‍ റൂമുകളായിട്ടാണ് പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ പലവട്ടം ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും അതിര്‍ത്തി കടന്ന് 50 മൈല്‍ സഞ്ചരിച്ച് ഒരു ആക്രമണം നടത്തുന്നത് 47 വര്‍ഷത്തിന് ശേഷം ഇത് ആദ്യമാണ്.

രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം നടന്ന് 12ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത തിരിച്ചടിയാണ് പാക്കിസ്ഥാന് ഇന്ത്യ നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ഇന്ത്യ ആക്രമണം നടത്തിയത് ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു.

മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 1,000 കിലോ ബോംബുകളാണ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്. 500 നും 600നും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജയ്‌ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമാണിത്. അനവധി പാക്ക് സെനികരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ആക്രമണം നൂറുശതമാനം വിജയമെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വലിയ നാശനഷ്ടങ്ങള്‍ ഇന്ത്യ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയെന്നാണ് സൂചന. 

നിരവധി കെട്ടിടങ്ങളും ആയുധകേന്ദ്രങ്ങളും പൂര്‍ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വ്യോമസേനയെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ആക്രമണ വിവരം പുറത്തു വിട്ടത്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് തിരിച്ചടി ഉണ്ടാകുമെന്ന് ഇന്ത്യ പാക്കിസ്ഥാന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലായിരുന്നു ആക്രമണം നടത്തേണ്ട ലക്ഷ്യത്തെ കുറിച്ച് വിശദീകരിച്ചത്. 22ന് വ്യോമസേനയുടെ സ്ക്വാഡ്രോണ്‍ 1 (ടൈഗേഴ്സ്), സ്ക്വാഡ്രോണ്‍ 7 (ബാറ്റില്‍ ആക്സസ് എന്നീ സ്ക്വാഡ്രോണുകളെ ഒരുക്കി നിര്‍ത്തി. ഫെബ്രുവരി 24ന് ആഗ്രയില്‍ ട്രെയല്‍ നടന്നു. 

ഹരിയാനയിലെ അംബാലയിലെ എയര്‍ബേസിൽ നിന്നാണ് 12 മിറാഷ്-2000 വിമാനങ്ങളോടെ വ്യോമസേനാ സംഘം പുറപ്പെട്ടത്. പാക് മണ്ണിലെ മൂന്ന് ഭീകര കേന്ദ്രങ്ങൾ തകര്‍ത്ത സംഘം മുപ്പത് മിനിറ്റിനകം ഓപ്പറേഷൻ അവസാനിപ്പിക്കുകയും ചെയ്തു.  

21 മിനിറ്റ് നീണ്ട ഓപ്പറേഷന്‍ ആണ് പാക് മണ്ണിൽ വ്യോമസേന നടത്തിയത്. മൂന്നിടങ്ങളിലെ ഭീകര ക്യാമ്പുകൾ ഇന്ത്യ തകര്‍ത്തു. ആദ്യ ആക്രമണം ബാലാകോട്ടിലായിരുന്നു. ഇന്ത്യ പാക് അതിര്‍ത്തിക്കപ്പുറമുള്ള ബാലാകോട്ട് മേഖല ജെയ്ഷെ മുഹമ്മദിന്‍റെ പ്രധാന ആസ്ഥാനങ്ങളിൽ ഒന്നാണ്.   

പുലര്‍ച്ചെ 3:45ന് ആക്രമണം തുടങ്ങിയ ഇന്ത്യൻ വ്യോമസേന ജെയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തോയിബ , ഹിസ്ബുള്‍ മുജാഹിദ്ദിന്‍ എന്നിവയുടെ സംയുക്തക്യാമ്പ് തകര്‍ത്തു. പിന്നീട് പുലര്‍ച്ചെ 3:48 മുതൽ 3:53 വരെ മുസഫറബാദിലെ ഭീകര ക്യാമ്പുകളിലേക്കും സൈനിക നടപടിയുണ്ടായി. പുലര്‍ച്ചെ 3:58ന് ചകോതിയിലെത്തിയ സംഘം 4:04 വരെ ആക്രമണം നടത്തി. ചകോതിയിലെ ഭീകര ക്യാമ്പുകളും തകര്‍ത്ത് ഇന്ത്യന്‍ സംഘം മടങ്ങി. 

ഉറി, പഠാൻകോട്ട് ഭീകരാക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യ മിന്നലാക്രമണം നടത്തിയിരുന്നു. അന്ന് കരസേന പാക് അധീന പ്രദേശത്തേക്ക് കടന്ന് കയറി ആക്രമണം നടത്തി സുരക്ഷിതമായി മടങ്ങി എത്തുകയും ചെയ്തിരുന്നു. 

കരസേനയുടെ ഇത്തരം ആക്രമണം മുന്നിൽ കണ്ട് പാക്കിസ്ഥാൻ ചെറുത്ത് നിൽപ്പിനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകാൻ ഇന്ത്യ ഒരുങ്ങിയതെന്നാണ് വിവരം. 

ഇന്ത്യ ഇന്ന് പുലര്‍ച്ചെ തകര്‍ത്തത് അമേരിക്ക ബിന്‍ ലാദനെ വധിച്ച സൈനിക താവളത്തിനു അടുത്തുള്ള തീവ്രവാദ പരിശീലന കേന്ദ്രമാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.  പാക്കിസ്ഥാനിലെ അബോട്ടാബാദിലെ സൈനിക താവളത്തിനടുത്താണ് ഒസാമ ബിന്‍ ലാദന്‍ ഒളിച്ചു താമസിച്ചിരുന്നത്. ഇന്ന് ഇന്ത്യ തകര്‍ത്ത തീവ്രവാദ പരിശീലനകേന്ദ്രം അബോട്ടാബാദില്‍ നിന്നും കേവലം 60 കിലോമീറ്റര്‍ അകലെ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. 

ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ തീവ്രവാദ പരിശീലന കേന്ദ്രമാണ് ഇന്ന് തകര്‍ത്തത്. ഇന്ത്യയുടെ അത്യാധുനിക റഡാര്‍ സംവിധാങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിമാനഗല്‍ ഇന്നലെ രാത്രി മുതല്‍ പാക്കിസ്ഥാന്റെ വ്യോമസേനയെ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.