ഇന്ന് ജൂൺ ഒന്ന് ലോകമെമ്പാടും ക്ഷീരദിനം(പാൽ ദിനം) ആയി ആഘോഷിക്കുകയാണ്. 2001 മുതലാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാന പ്രകാരം എല്ലാ വർഷവും ജൂൺ ഒന്നാം തീയതി ലോക ക്ഷീരദിനമായി ആചരിക്കാൻ ആരംഭിച്ചത്. പാലിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞ് അത് നിത്യ ജീവിതത്തിന്റെ ഭാഗമായി മാറ്റുന്നതിലെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
പാലിനെ ആഗോള ഭക്ഷണമായി കണക്കാക്കുക, ക്ഷീരോൽപാദന മേഖലയിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ നമ്മളെ സംബന്ധിച്ച് ഈ ദിനത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്. ഏറ്റവും ആധികം പോഷകാഹാരം അടങ്ങിയിട്ടുള്ള ഒരു സമീകൃത ആഹാരമാണ് പാൽ.
ALSO READ: വിറ്റാമിൻ ഡിയുടെ ഉറവിടങ്ങൾ ഏതെല്ലാം? പ്രാധാന്യം എന്താണ്?
പാലിലെ സവിശേഷ ഗുണങ്ങൾ ഇവയൊക്കെയാണ്
ശരീരത്തിൽ ഏറ്റവും കൂടുതൽ ഊർജം നൽകുന്ന ഒരു പാനീയമാണ് പാൽ. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. 120 മില്ലിഗ്രാം കാൽസ്യം, 14 മില്ലിഗ്രാം, കൊളസ്ട്രോൾ, 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രൊട്ടീൻ എന്നിവ കൂടാതെ 66 കലോറിയാണ് 100 മില്ലിലീറ്റർ പശുവിൻ പാലിൽ ഉള്ളത്. ലാക്ടോസ് എന്ന മധുരമാണു പാലിലെ മറ്റൊരു ഘടകം. പാലിൽ അടങ്ങിയിരിക്കുന്ന കാൽസ്യത്തിന്റെ സാന്നിധ്യം മനുഷ്യ ശരീരത്തിലെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.
പാലിലെ വിറ്റാമിൻ ഡി എല്ലുകൾക്ക് ശക്തി നൽകുന്നു. ശരീരത്തിന് ആവശിയമായ എല്ലാവിധ അമിനോ ആസിഡുകളാലും സമ്പന്നമാണ് ഇത് പേശീനിർമാണത്തെ സഹായിക്കുകയും അതുവഴി ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യും. രാത്രി കാലങ്ങളിൽ പാല് കുടിക്കുന്നതാണ് ഉത്തമം. ഇതിനൊപ്പം അൽപ്പം മഞ്ഞളും ചേർത്ത് കുടിക്കുകയാണെങ്കിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. പാൽ പുളിപ്പിച്ചെടുക്കുന്ന ഉത്പന്നങ്ങൾക്ക് ഇന്ന് വളരെയധികം പ്രാധാന്യമുണ്ട്.
പുളിപ്പിച്ചെടുക്കുന്ന പ്രക്രിയയിലൂടെ തയ്യാറാക്കുന്ന പാൽ ഉത്പന്നങ്ങൾക്ക് പ്രോബയോട്ടിക് ഗുണങ്ങൾ ഏറെയാണ്. തൈര്, വെണ്ണ, പാൽക്കട്ടി എന്നിവയൊക്കെ കഴിക്കാൻ നല്ലതാണ്. കൂടാതെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിലും പാൽ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. വിറ്റാമിൻ, ധാതുക്കൾ എന്നിവയുടെ ശക്തികേന്ദ്രമായ പാൽ സൗമ്യതയാർന്നതുമായ സുന്ദര ചർമ്മം നൽകുന്നു. ഫെയ്സ് മാസ്കുകളുടെ രൂപത്തിൽ ആണെങ്കിൽ പോലും ചർമ്മത്തെ പരിപാലിക്കുന്നതിനുള്ള ഏറ്റവും മികച്ച ചേരുവകളിൽ ഒന്നായി പാൽ പ്രവർത്തിക്കുന്നു.
ALSO READ: പപ്പായ മുതൽ ഇറച്ചി വരെ; ഗർഭക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ
സുന്ദരവും തിളക്കമുള്ളതുമായ ചർമ്മം സ്വന്തമാക്കാനായി ദിവസവും പാൽ കുടിക്കുന്ന ശീലം വളരെ നല്ലതാണ്. പ്രതിദിനം കുറഞ്ഞത് രണ്ട് ഗ്ലാസെങ്കിലും പാല് കുടിച്ചാൽ തിളക്കമുള്ള ചർമ്മം ലഭിക്കും. നിങ്ങളുടെ ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങളെ കുറയ്ക്കാൻ 1 ഗ്ലാസ് പാൽ കുടിക്കുന്നത് വളരെ നല്ലതാണ്. പാലിലെ ലാക്റ്റിയത്തിന് രക്തസമ്മർദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട് എന്ന് പറയപ്പെടുന്നു. പാലിലെ പൊട്ടാസ്യം ശരീരത്തിൽ സമ്മർദം ഉണ്ടാക്കുന്ന പേശികളെ വിശ്രമിക്കാൻ അനുവദിക്കുന്നു.
ഉറങ്ങുന്നതിനു മുൻപായി ഒരു ഗ്ലാസ് ചൂടുള്ള പാൽ കുടിക്കുന്ന ശീലം നമുക്ക് രാത്രിയിൽ നല്ല ഉറക്കം നൽകുന്നു. എന്നിരുന്നാലും പാലിൽ അടങ്ങിയിട്ടുള്ള കൊഴുപ്പും കൊളസ്ട്രോളും ചിലരുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. പ്രത്യേകിച്ച് ഹൃദ്രോഗം, പ്രമേഹം തുങ്ങിയവ ഉള്ളവർ പാൽ കുടിക്കുന്നതിന്റെ അളവു നിയന്ത്രിക്കുന്നതാണ് ഉത്തമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...