ആദ്യം വിമര്‍ശനം, പിന്നെ രഹസ്യചര്‍ച്ച, ആശങ്കയില്‍ ബിജെപി!!

ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സീറ്റ് നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാക്കളായ എല്‍. കെ. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും തമ്മിലൊരു കൂടിക്കാഴ്ച. 

Last Updated : Apr 5, 2019, 07:16 PM IST
ആദ്യം വിമര്‍ശനം, പിന്നെ രഹസ്യചര്‍ച്ച, ആശങ്കയില്‍ ബിജെപി!!

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സീറ്റ് നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാക്കളായ എല്‍. കെ. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും തമ്മിലൊരു കൂടിക്കാഴ്ച. 

കൂടിക്കാഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇരുനേതാക്കളും ഇതുവരെ പുറത്തുവിട്ടിട്ടില്ല, എങ്കിലും ബിജെപിയുടെ സ്ഥാപനദിവസത്തിന് മുന്‍പായുള്ള ഈ കൂടിക്കാഴ്ച ദേശീയ നേതൃത്വത്തില്‍ ആശങ്ക പരത്തിയിരിയ്ക്കുകയാണ്. 

പാര്‍ട്ടിയുടേയും സര്‍ക്കാരിന്‍റെയും നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി അദ്വാനി ബ്ലോഗ് എഴുതിയതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായി മുരളി മനോഹര്‍ ജോഷി രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്‌. ഒപ്പം സംയുക്ത സ്ഥാനാര്‍ഥിയായി ജോഷിയ്ക്ക് കോണ്‍ഗ്രസ്‌ സീറ്റ് വാഗ്ദാനം ചെയ്തതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 

രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നത് പാര്‍ട്ടിയുടെ രീതിയല്ലെന്നായിരുന്നു അദ്വാനി തന്‍റെ ബോഗ്ലിലൂടെ ഉന്നയിച്ച കടുത്ത വിമര്‍ശനം.

തുടര്‍ച്ചയായി അഞ്ചുതവണ ഗാന്ധി നഗര്‍ എംപിയായിരുന്ന അദ്വാനിക്ക് പകരം ഇത്തവണ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് അവിടെ മത്സരിക്കുന്നത്. കാണ്‍പുര്‍ എംപിയായിരുന്ന ജോഷിക്കും ഇത്തവണ സീറ്റ് നിഷേധിച്ചു. പ്രയാധിക്യമാണ് മുതിര്‍ന്ന നോതാക്കള്‍ക്ക് സീറ്റ് നിഷേധിക്കാന്‍ കാരണമെന്ന് ബിജെപി വിശദീകരിക്കുന്നുണ്ടെങ്കിലും സീറ്റ് ലഭിക്കാത്തതില്‍ അദ്വാനിയും ജോഷിയും അതൃപ്തരാണ്. 

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിപക്ഷ ആക്രമണങ്ങള്‍ക്കും മുതിര്‍ന്ന നോതാക്കളുടെ വിമര്‍ശനങ്ങള്‍ക്കും ഒരുപോലെ പ്രതിരോധം തീര്‍ക്കേണ്ട അവസ്ഥയിലാണിപ്പോള്‍ ബിജെപി നേതൃത്വം.

 

 

 

Trending News