Citizenship Amendment Act പ്രതിഷേധ൦: ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. 

Last Updated : Dec 19, 2019, 03:02 PM IST
  • പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍.
  • മുന്‍കരുതലെന്നവണ്ണം രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താല്കാലമായി റദ്ദാക്കിയിരിയ്ക്കുകയാണ്.
Citizenship Amendment Act പ്രതിഷേധ൦: ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. 

മുന്‍കരുതലെന്നവണ്ണം രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താല്കാലമായി റദ്ദാക്കിയിരിയ്ക്കുകയാണ്.

സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം ചില ഇടങ്ങളില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവെക്കുകയാണെന്ന് എയര്‍ടെല്‍ അറിയിച്ചു. വോഡഫോണ്‍ സേവനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം, സര്‍ക്കാര്‍ നിര്‍ദേശം പിന്‍വലിക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് പുനസ്ഥാപിക്കുമെന്ന് വോഡഫോണ്‍ അറിയിച്ചിട്ടുണ്ട്. 

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരേയും ഒപ്പം ക്യാമ്പസില്‍ ഉണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല വിദ്യാർഥികൾ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, മാര്‍ച്ചിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, വ്യാഴാഴ്ച രാവിലെമുതല്‍ ചെങ്കോട്ടയ്ക്ക് സമീപം വന്‍തോതില്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധക്കാരും തടിച്ചുകൂടിയിരുന്നു.

പോലീസിന്‍റെ നിര്‍ദ്ദേശം അവഗണിച്ച്  ചെങ്കോട്ടയില്‍ എത്തിച്ചേര്‍ന്ന വിദ്യാർഥികളുടെ മാർച്ച് പോലീസ് തടഞ്ഞു. പോലീസ് ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂട്ടാക്കാത്ത പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മുൻകരുതൽ നടപടിയായി പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തു.

പിന്നീട്, ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും ഇടത് പ്രവര്‍ത്തകരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതുവരെ നൂറിലേറെ വിദ്യാര്‍ഥികളെക്കൂടാതെ, യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കിയതായാണ് റിപ്പോര്‍ട്ട്.  
പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ഇടതുപക്ഷ നേതാക്കളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്‌, ആനി രാജ തുടങ്ങിയവര്‍ ചെങ്കോട്ടയില്‍ എത്തിച്ചേര്‍ന്നിരുന്നു. 

എന്നാല്‍, ഡല്‍ഹി കടുത്ത പോലീസ് നിരീക്ഷണത്തിലാണ്. ഡൽഹി പോലീസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചു. റാലിയ്ക്ക് മുന്നോടിയായി ചെങ്കോട്ട പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ വിദ്യാർഥികളുടെ മാര്‍ച്ചിന് മുന്നോടിയായി ഡൽഹിയിലെ 17ഓളം മെട്രോ സ്റ്റേഷനുകൾ അടച്ചു.

Trending News