വ്യക്തം, ശക്തം സന്ദേശം; വടക്കു കിഴക്കേ അറ്റത്ത് താമര തന്നെ

തൃപുരയിലും നാഗാലാന്‍റിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ വടക്കു കിഴക്കേ ഇന്ത്യയില്‍ ബിജെപിയുടെ സാന്നിധ്യത്തിന് കരുത്തേറും

Last Updated : Mar 3, 2018, 01:31 PM IST
വ്യക്തം, ശക്തം സന്ദേശം; വടക്കു കിഴക്കേ അറ്റത്ത് താമര തന്നെ

ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലം ശരിവച്ച് ബിജെപിയ്ക്ക് ത്രിപുരയില്‍ ആധികാരിക ജയം. കാല്‍നൂറ്റാണ്ട് ഭരിച്ച സിപിഎമ്മിനെ 19 സീറ്റില്‍ തളച്ചാണ് ബിജെപിയുടെ മിന്നുന്ന പ്രകടനം. നാഗാലാന്‍റിലും മേഘാലയയിലും ശക്തമായ മുന്നേറ്റം കാഴ്ച വച്ച ബിജെപി നാഗാലാന്‍റില്‍ എന്‍പിഎഫുമായി സഹകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കും. 

ആകാംക്ഷ മുറ്റി നിന്ന വോട്ടണ്ണലിന് ശേഷം തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു സീറ്റു പോലും നേടാന്‍ കഴിയാതിരുന്ന ബിജെപി നിഷേധിക്കാന്‍ കഴിയാത്ത പ്രകടനം കാഴ്ച വച്ചു. തൃപുരയിലും നാഗാലാന്‍റിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ വടക്കു കിഴക്കേ ഇന്ത്യയില്‍ ബിജെപിയുടെ സാന്നിധ്യത്തിന് കരുത്തേറും. നിലവില്‍ അരുണാചല്‍ പ്രദേശ്, അസം സംസ്ഥാനങ്ങള്‍ ബിജെപി ഭരണത്തിലാണ്. 

ത്രിപുരയില്‍ 40 സീറ്റിന്‍റെ ഭൂരിപക്ഷത്തോടെയാണ് ബിജെപി സര്‍ക്കാര്‍ രീപീകരിക്കുക. ഇവിടെ സിപിഎം 19 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റു പോലും നേടാനായില്ല. 

മേഘാലയയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസ ജയം. 10 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയില്‍ കോണ്‍ഗ്രസ് 22 സീറ്റുകള്‍ നേടി. ബിജെപിക്ക് ഇവിടെ മൂന്ന് സീറ്റുകളാണ് ലഭിച്ചത്. എന്‍പിപി 17ഉം മറ്റ് പാര്‍ട്ടികള്‍ 11ഉം സീറ്റുകള്‍ നേടിയിട്ടുണ്ട്. എന്‍പിപിയുടെയും മറ്റ് ചെറിയ കക്ഷികളുടെയും നിലപാട് മേഘാലയില്‍ നിര്‍ണായകമാകും. 

നാഗാലാന്‍റില്‍ ബിജെപിയുടെ നേതൃത്വത്തില്‍ കൂട്ടുകക്ഷി മന്ത്രിസഭയ്ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. ബിജെപി 25 സീറ്റ് നേടിയപ്പോള്‍ എന്‍പിഎഫ് 26 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. മറ്റുള്ളവര്‍ മൂന്ന് സീറ്റില്‍ വിജയിച്ചിട്ടുണ്ട്. നാഗാ പാര്‍ട്ടികളുടെ ശക്തമായ സാന്നിധ്യമുള്ള നാഗാലാന്‍റില്‍ ബിജെപി 25 സീറ്റുകള്‍ നേടിയത് ശക്തമായ അടിത്തറ പാര്‍ട്ടിക്ക് അവിടെ നേടാനായി എന്നതിന്‍റെ തെളിവാണ്. 

Trending News