ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്താൻ ബിജെപി നേതാക്കൾ ഗൂഢാലോചന നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. ചിറ്റാപൂരിലെ ബിജെപി സ്ഥാനാർത്ഥി മണികണ്ഠ റാത്തോഡിൻ്റെ ശബ്ദരേഖയിൽ നിന്ന് ഗൂഢാലോചന വ്യക്തമാണെന്നും മണികണ്ഠ റാത്തോഡ് ബിജെപിയുടെ അധികാര കേന്ദ്രങ്ങളുമായി ബന്ധമുള്ളയാളാണെന്നും കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"മല്ലികാർജുൻ ഖാർഗെയെയും അദ്ദേഹത്തിന്റെ മുഴുവൻ കുടുംബത്തെയും കൊല്ലാൻ ഭാരതീയ ജനതാ പാർട്ടി നടത്തിയത് തരംതാഴ്ന്നതും ഹീനവുമായ ഗൂഢാലോചനയാണ്. കന്നഡക്കാർ അവരുടെ അനുഗ്രഹം കോൺഗ്രസ് പാർട്ടിക്ക് മേൽ ചൊരിയുകയും ബിജെപി സമ്പൂർണ പരാജയം നേരിടാൻ പോകുകയുമാണ്. വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ഭാര്യയെയും മുഴുവൻ കുടുംബത്തെയും ഇല്ലാതാക്കാനുള്ള ‘കൊലപാതക ഗൂഢാലോചന’യാണ് ബിജെപിയും കേന്ദ്ര നേതൃത്വവും ഇപ്പോൾ പയറ്റുന്നത്”. സുർജേവാല പറഞ്ഞു.
ഖാർഗെയുടെ ഉയർച്ച ബിജെപിക്ക് ദഹിക്കുന്നില്ലെന്ന് സുർജേവാല ആരോപിച്ചു. കർണ്ണാടകയുടെ മണ്ണിന്റെ പുത്രൻ മല്ലികാർജുൻ ഖാർഗെയോട് കേന്ദ്ര-സംസ്ഥാന ബിജെപി നേതൃത്വത്തിന് വിദ്വേഷമുണ്ട്. ഫാക്‌ടറി തൊഴിലാളിയുടെ ദളിത് കുടുംബത്തിൽ ജനിച്ച ഖാർഗെ ഉയർന്നുവന്നത് ബിജെപിക്ക് ദഹിക്കുന്നില്ല. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം വരെ ഖാർഗെ അലങ്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എംഎൽഎയും ബിജെപി ജനറൽ സെക്രട്ടറിയുമായ മദൻ ദിൽവാർ മെയ് 2ന് നടത്തിയ പ്രസ്താവന സുർജേവാല ഓർമ്മിപ്പിച്ചു. ഖാർഗെയ്ക്ക് ഇപ്പോൾ 80 വയസുണ്ടെന്നും ദൈവത്തിന് ഇനി എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ തിരികെ വിളിക്കാമെന്നുമായിരുന്നു മദൻ ദിൽവാർ പറഞ്ഞത്. ഇപ്പോൾ ബിജെപി നേതാക്കൾ മല്ലികാർജുൻ ഖാർഗെയെ വധിക്കാൻ പരസ്യമായി പദ്ധതിയിടുകയാണ്. ഖാർഗെയുടെ ഭാര്യയെയും മൊത്തം കുടുംബത്തെയും ഇല്ലാതാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും സംസ്ഥാനത്ത് ബിജെപി എത്രത്തോളം സമ്മർദ്ദത്തിലാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ഇതെന്നും സുർജേവാല ആരോപിച്ചു.
കർണാടകയുടെ വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിന് പകരം ഓരോ ദിവസവും പുതിയ ധ്രുവീകരണ വിഷയവുമായി ബി.ജെ.പി രംഗത്തിറങ്ങുകയാണെന്ന് സുർജേവാല വിമർശിച്ചു. ഖാർഗെ കുടുംബത്തെ തുടച്ചുനീക്കണമെന്ന് ബിജെപി നേതാവ് പറഞ്ഞതായുള്ള ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തുവിട്ടിരുന്നു. എന്നാൽ ആരോപണങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...