ന്യൂഡൽഹി: കൊറോണ മഹാമാരി രൂക്ഷമായ രീതിയിൽ വ്യാപിക്കുന്ന ഈ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ. ഇപ്പോൾ തമിഴ്‌നാട്, ബീഹാർ, ഝാർഖഡ് എന്നീ സംസ്ഥാനങ്ങളാണ് പുതുതായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം മൂന്ന് സംസ്ഥാനങ്ങളിലും കൊറോണ രോഗബാധിതരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് തമിഴ്‌നാട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങൾ ചൊവ്വാഴ്ച മുതലാണ് നിലവിൽ വരുന്നത്. രാത്രി 10 മണി മുതൽ രാവിലെ അഞ്ച് മണിവരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഞായറാഴ്ചകളിൽ സമ്പൂർണ lockdown ഉം ഏർപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ രാത്രി കാലങ്ങളിൽ അയൽസംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്കും വിലക്കേർപ്പെടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ നടത്താനിരുന്ന പ്ലസ്ടു പരീക്ഷയും സർക്കാർ മാറ്റിവെച്ചു.
അതുപോലെ തന്നെ കൊറോണ മഹാമാരി (Corona) വർധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാൻ ഝാർഖഡ് സർക്കാരും തീരുമാനിച്ചു. മാത്രമല്ല സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു പൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്.
പൊതുചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും നിയന്ത്രിച്ചിട്ടുണ്ട്. നേരത്തെ വിവാഹങ്ങളിലും മറ്റ് ചടങ്ങുകളിലും 200 പേർക്ക് പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അത് കുറച്ച് 50 ആക്കിയിട്ടുണ്ട്.
കൊറോണ രോഗബാധ വർധിക്കുന്നത് കണക്കിലെടുത്ത് ബീഹാറിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 9 മുതൽ രാവിലെ അഞ്ച് മണിവരെയാണ് ഇവിടെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് ആറ് മണിവരെ മാത്രമേ കടകൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളൂ. കൂടാതെ ഭക്ഷണ ശാലകൾ ഒൻപത് മണിക്ക് അടക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...