വായു മലിനീകരണം ഉയര്‍ന്ന് തലസ്ഥാന നഗരി

Last Updated : Nov 7, 2017, 11:52 AM IST
വായു മലിനീകരണം ഉയര്‍ന്ന് തലസ്ഥാന നഗരി

ദേശീയ തലസ്ഥാന നഗരിയില്‍ വായുമലിനീകരണത്തിന്‍റെ തോത് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. ഡല്‍ഹിയിലെ വായുവിന്‍റെ നിലവാരം കൂടുതല്‍ വിഷാംശമുള്ളതായി മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

മലിനീകരണത്തിന്‍റെ മുഖ്യ കാരണമായി പറയുന്നത് പഞ്ചാബ്‌ ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള പുക നിറഞ്ഞ കാറ്റാണ്. കൊയ്ത്തുകാലത്തിനു ശേഷം അടുത്ത കൃഷിയിറക്കുന്നതിനുമുന്‍പ് കൃഷിയിടത്തെ അവശേഷിച്ച വൈക്കോല്‍ കത്തിക്കുന്ന പതിവ് ഇവിടങ്ങളില്‍ സാധാരണമാണ്. തലസ്ഥാനത്തെ ഈ കാലയളവിലെ മലിനീകരണത്തിന്‍റെ മുഖ്യ കാരണം ഇതാണ്. നാസയില്‍നിന്നുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഇതിന് വ്യക്തമായ തെളിവാണ്. കൂടാതെ ദീപാവലി ആഘോഷം കൂടി ഒരു മുഖ്യ പങ്കു വഹിച്ചു.

തലസ്ഥാനത്തെ പുക മലിനീകരണത്തിന്‍റെ മുഖ്യ കാരണക്കാര്‍ നാല് അയല്‍ സംസ്ഥാനങ്ങളാണെന്ന് നേരത്തെതന്നെ ട്രിബ്യൂണല്‍ ചൂണ്ടികാട്ടിയിരുന്നു. യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് അവ. 

രാവിലെ കാണപ്പെട്ട കടുത്ത പുകമലിനീകരണം വാഹനഗതാഗതത്തെയും സാരമായി തടസ്സപ്പെടുത്തിയിരുന്നു.

ഡല്‍ഹിയിലെ വായുവിന്‍റെ ഗുണമേന്മ (എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്) വളരെ താഴെയാണ്. എ.ക്യു.ഐ. പി.എം 2.5 എത്തിയാല്‍ അത് ആരോഗ്യമുള്ളവരെ പോലും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

ഇന്നത്തെ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് (എ.ക്യു.ഐ.) കിഴക്കന്‍ ഡല്‍ഹിയില്‍ 420 ആയിരുന്നു. പഞ്ചാബി ബാഗില്‍ 999 ഉം രേഖപ്പെടുത്തിയപ്പോള്‍ ആര്‍ കെ പുരത്ത് 852 ആണ് രേഖപ്പെടുത്തിയത്. 

വായുവിന്‍റെ നിലവാരം ക്വാളിറ്റി ഇന്‍ഡെക്‌സ് (എ.ക്യു.ഐ.) 0-50 'നല്ലത്', 51-100 'തൃപ്തികരം'  101-200 'മിതത്വം' 201-300 'മോശം' 301-400 'വളരെ മോശം'  401 ന് മുകളില്‍ 'കഠിനം' എന്നിങ്ങനെയാണ് വേര്‍തിരിച്ചിട്ടുള്ളത്. 

Trending News