ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ (Covid-19) വൈറസ് ലോകമെമ്പാടും വ്യാപിക്കുകയാണ്.
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധയില്‍ മൂന്നു പേര്‍ മരണമടഞ്ഞു. മാത്രമല്ല ദിവസം കഴിയുന്തോറും കൊറോണ ബാധിതരുടെ എണ്ണവും കൂടികൂടി വരികയാണ്. ഇതുവരെയായി കൊറോണ ബാധിതരുടെ എണ്ണം ഇന്ത്യയില്‍ 137 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇപ്പോഴിതാ കൊറോണ വൈറസ് ഇന്ത്യന്‍ സൈന്യത്തെയും ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒരു സൈനികന് കൊറോണ വൈറസ് ബാധിച്ചതായി പ്രമുഖ വാര്‍ത്താഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവം നടന്നിരിക്കുന്നത് ലഡാക്കിലാണ്. ഈ സൈനികന്‍റെ പിതാവ് ഫെബ്രുവരി 27 ന് ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. ആ സമയം ഈ സൈനികന്‍അവധിയ്ക്ക് പോയിരുന്നു.
തുടര്‍ന്ന് ജവാന്‍റെ പിതാവിനെ ഫെബ്രുവരി 29 ന് നിരീക്ഷണത്തിനായി ക്വാറന്റൈനിലേക്ക് അയക്കുകയും, മാർച്ച് 6 ന് ആദ്ദേഹത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.
ജവാന്‍റെ പിതാവ് ഇറാനില്‍ നിന്നും വന്ന സമയം അതായത് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 1 വരെ ഇദ്ദേഹം അവധിയിലായിരുന്നു. ശേഷം മാര്‍ച്ച് രണ്ടിന് സൈനികന്‍ ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്യുകയും ചെയ്തു.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പിതാവിന്‍റെ നിരീക്ഷണസമയത്ത് സമയത്ത് ജവാൻ തന്‍റെ കുടുംബത്തെ സഹായിച്ചിരുന്നുവെന്നാണ്. അതാണ് ജവാനും കൊറോണ ബാധ ഏല്‍ക്കാന്‍ കാരണമായത്.
എന്നാല്‍ ജവാന്‍റെ പിതാവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ മാര്‍ച്ച് 7 വരെ ജവാനെയും ക്വാറന്റൈനിൽ നിരീക്ഷണത്തിന് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 16 നാണ് ജവാന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
തുടര്‍ന്ന് ജവാനെ എസ്എൻഎം ആശുപത്രിയിൽ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ജവാന്‍റെ ഭാര്യയേയും സഹോദരിയേയും നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരിക്കുകയാണ്.