അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനവുമായി ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി. കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റായ ബനാസകാന്ത ജില്ലയിലെ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, കോണ്‍ഗ്രസ്സിന്‍റെ എംഎല്‍എയായ മണിഭായ് വഗേല അഭിപ്രയപ്പെട്ടതനുസരിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ജിഗ്‌നേഷ് മേവാനിയ്ക്ക് പിന്തുണ നല്‍കും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വാദ്ഗാം മണ്ഡലത്തില്‍നിന്നും മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എങ്കിലും മണിഭായ് വഗേലയെ കോണ്‍ഗ്രസ് പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ഇവിടെ ബിജെപിയ്ക്കുവേണ്ടി വിജയ്ഭായ് ഹര്‍ക്കഭായ് ചക്രവതി മത്സരിക്കുന്നുണ്ട്.
മേവാനി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതോടെ ജിഗ്‌നേഷ് മേവാനിയുടെ പിന്തുണ ആര്‍ക്ക് എന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ട്വിറ്ററിലൂടെയാണ് താന്‍ മത്സരിക്കുന്ന കാര്യം ജിഗ്‌നേഷ് മേവാനി വെളിപ്പെടുത്തിയത്.
മുന്‍പ്, മേവാനി കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേവാനിയും ഹാര്‍ദിക് പട്ടേലും കൂടെയുണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
ഹാര്‍ദികിന്‍റെ പിന്തുണ കിട്ടിയെങ്കിലും മേവാനിയെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് സാധിച്ചില്ല. പരസ്യമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നില്ലെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുകയാകും തങ്ങളുടെ ലക്ഷ്യമെന്നാണ് മേവാനി പറഞ്ഞിരുന്നത്. എന്നാല്‍ ഭരണഘടനാ വിരുദ്ധവും ദലിത്-കര്‍ഷക വിരുദ്ധവുമായ ബിജെപിയെ താഴെയിറക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.