New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 15,823 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 10.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് ആകെ 14,313 പേർക്ക് മാത്രമായിരുന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധയെ തുടർന്ന് രാജ്യത്ത് (India) 226 പേർ മരണപ്പെടുകയും ചെയ്തു.
രാജ്യത്ത് ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരിൽ 0.61 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,07,653 ആണ്. കഴിഞ്ഞ 214 ദിവസങ്ങളിൽ രേഖപെടുത്തിയതിൽ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് .
കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ 7247 പേരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,40,01,743 ആണ് . അതേസമയം രോഗബാധയെ തുടർന്ന് 4,51,189 പേർ മരണപ്പെടുകയും ചെയ്തു .
ഇന്നലെ മാത്രം രാജ്യത്ത് 13,25,399 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 58,63,63,442 ആയി. രാജ്യത്ത് ഇതുവരെ 96.43 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. ഇപ്പോഴും രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് പുരോഗമിക്കുകയാണ്. അതേസമയം രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ ഡിസിജിഐയുടെ വിദഗ്ധ സമിതി അനുമതി നല്‍കി.
ALSO READ: COVID Vaccination First Dose കേരളത്തിൽ രണ്ടര കോടി പിന്നിട്ടു
കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സിനാണ് കൊവാക്സിൻ. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ കോവാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിയ്ക്ക് മുമ്പില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കുത്തിവെപ്പിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്.
കേന്ദ്രസര്‍ക്കാര്‍ അന്തിമ അനുമതി നല്‍കുന്നതോടെ രാജ്യത്ത് കുത്തിവെയ്പ്പ് ആരംഭിക്കും. വിദഗ്ധ സമിതിയുടെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു. കുട്ടികളിൽ കോവാക്സിൻ സുരക്ഷിതവും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നുവെന്നും എയിംസ് പ്രഫസർ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...