ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും

  

Last Updated : Jan 12, 2018, 08:43 AM IST
ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും

ചെന്നൈ: ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹ വിക്ഷേപണത്തിനുള്ള 28 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ തുടങ്ങി. ഐഎസ്ആര്‍ഒയുടെ 42 മത്തെ ദൗത്യമാണിത്.  ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യയുടെ നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2, മറ്റു 30 ഉപഗ്രഹങ്ങളുമായി 44.4 മീറ്റര്‍ നീളമുള്ള പിഎസ്എല്‍വി-സി40 ഇന്നു രാവിലെ 9.28നു കുതിച്ചുയരും. ഇതില്‍ 28 ഉപഗ്രഹങ്ങള്‍ കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടേതാണ്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതാണു കാര്‍ട്ടോസാറ്റ്-2.

കാര്‍ട്ടോസാറ്റ്-രണ്ട് ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഈ ശ്രേണിയില്‍പ്പെട്ട ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. യു.എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍. ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്‍റെയും ചിത്രം വ്യക്തയോടെ പകര്‍ത്താനും കൃത്യമായ വിവരങ്ങളും നല്‍കാന്‍ കഴിയുന്ന മള്‍ട്ടി-സ്‌പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്‍റെ പ്രത്യേകത.

ചന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-രണ്ട് ഈ വര്‍ഷാവസാനത്തോടെ നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ. എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എം. അണ്ണാദുരൈ പറഞ്ഞു. ചന്ദ്രയാന്‍-ഒന്ന് ദൗത്യത്തില്‍ നിന്ന് വ്യത്യസ്തമായി ലാന്‍ഡര്‍ ആന്‍ഡ് റോവര്‍ ഉപയോഗിച്ച് ചന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്തുകയാണ് ലക്ഷ്യം. ചന്ദ്രനില്‍ പേടകമിറക്കിയാണ് പരിശോധന.  2008 ഒക്ടോബര്‍ 22-നാണ് ചന്ദ്രയാന്‍- ഒന്ന് വിക്ഷേപിച്ചത്. ചന്ദ്രനില്‍ ജല കണികകളുണ്ടെന്ന വിപ്‌ളവകരമായ സ്ഥിരീകരണത്തിന് ഇത് വഴിയൊരുക്കി. അന്തിമ പരീക്ഷണം നടന്നുവരികയാണ്. ഇതോടൊപ്പം വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്- 11ന്‍റെ പരീക്ഷണവും നടന്നുവരികയാണ്. ഏപ്രിലില്‍ വിക്ഷേപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021-നുള്ളില്‍ 65 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയെന്ന ലക്ഷ്യവും ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനുണ്ട്.

Trending News