CPIM wins in Kulgam: ജമ്മു കശ്മീരിലെ 'ഒരുതരി കനല്‍'... രണ്ടര പതിറ്റാണ്ടിലും താഴാത്ത ചെങ്കൊടി; കുൽ​ഗാമിലെ 'തരി'ഗാമി

CPIM's Tarigami wins Kulgam: ജമ്മു കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചാം തവണയാണ് മുഹമ്മദ് യൂസഫ് തരിഗാമി തിരഞ്ഞെടുക്കപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 8, 2024, 03:26 PM IST
  • ആദ്യത്തെ വിജയത്തിന് ശേഷം ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്ക് തരിഗാമി
  • തുടർച്ചയായി അഞ്ചാം തവണ കുൽഗാമിനെ പ്രതിനിധീകരിക്കുന്നു
  • സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയാണ് തരിഗാമി
CPIM wins in Kulgam: ജമ്മു കശ്മീരിലെ 'ഒരുതരി കനല്‍'... രണ്ടര പതിറ്റാണ്ടിലും താഴാത്ത ചെങ്കൊടി; കുൽ​ഗാമിലെ 'തരി'ഗാമി

ശ്രീനഗര്‍: പശ്ചിമ ബംഗാളിന് പുറമെ ത്രിപുരയില്‍ കൂടി അധികാരം നഷ്ടപ്പെട്ട കാലത്താണ് 'കനലൊരു തരിമതി' എന്ന് സിപിഎം പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. ഒരുതരി കനലിന് ഒരു കാട്ടുതീ പോലും സൃഷ്ടിക്കാനാകും എന്നതാണ് അതിന്റെ വിവക്ഷ. എന്നാല്‍ ജമ്മു കശ്മീരിലെ 'ഒരുതരി കനലി'നെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞ 28 വര്‍ഷമായിട്ടും കെടാതെ നില്‍ക്കുന്ന ഒരുതരി കനല്‍!

ജമ്മു കശ്മീരിലെ സിപിഐഎമ്മിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ മുഹമ്മദ് യൂസഫ് തരിഗാമിയെ കുറിച്ചാണ്. കുല്‍ഗാം മണ്ഡലത്തില്‍ 1996 മുതല്‍ ചെങ്കൊടിപാറിച്ചുകൊണ്ട് നിയമസഭയിലെത്തിയ അതേ തരിഗാമി. ഇത്തവണ 7838 വോട്ടുകൾക്കാണ് തരിഗാമിയുടെ വിജയം. 

ജമ്മു കശ്മീരിലില്‍ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2014 ല്‍ ആയിരുന്നു. അന്ന് വെറും 334 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു തരിഗാമിയുടെ വിജയം. 2008 ലെ തിരഞ്ഞെടുപ്പില്‍ 236 വോട്ടുകള്‍ക്കും. എന്നാല്‍ 2002 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചത് 4,885 വോട്ടുകള്‍ക്കായിരുന്നു. 1996 ല്‍ ആദ്യ വിജയം നേടുമ്പോള്‍ അദ്ദേഹം നേടിയ ഭൂരിപക്ഷം ഒരുപക്ഷേ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു- 16166 വോട്ടുകളുടെ ഭൂരിപക്ഷം. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷത്തില്‍ വലിയ ഇടിവുകള്‍ സംഭവിച്ചെങ്കിലും ജമ്മു കശ്മീരിലെ ഏക കമ്യൂണിസ്റ്റ് എംഎല്‍എയെ താഴെയിറക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചിട്ടില്ല. 1996 ന് ശേഷം തരിഗാമി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷം കൂടിയാണ് ഇത്തവണത്തേത്.

മുഹമ്മദ് യൂസഫ് റാഥെര്‍ എന്നതാണ് തരിഗാമിയുടെ ശരിയായ പേര്. മുന്‍ മുഖ്യമന്ത്രിയായ ഷെയ്ഖ് അബ്ദുള്ളകാരണമാണ് അദ്ദേഹത്തിന് തരിഗാമി എന്ന പേര് ലഭിക്കുന്നത്. ഒരിക്കല്‍ ഒരു പത്ര സമ്മേളനത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് യൂസഫ് റാഥെറുടെ അറസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍, 'ആ തരിഗാം കാരനല്ലേ' എന്നായിരുന്നു ഷെയ്ഖ് അബ്ദുള്ളയുടെ മറുപടി. തരിഗാം എന്നത് മുഹമ്മദ് യൂസഫിന്റെ ഗ്രാമത്തിന്റെ പേരായിരുന്നു. അന്ന് മുതല്‍ വാര്‍ത്താമാധ്യമങ്ങള്‍ അദ്ദേഹത്തെ തരിഗാമി എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി.

ചെറുപ്പം മുതലേ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായിരുന്നു തരിഗാമി. ഇപ്പോഴത്തെ ജമ്മു കശ്മീര്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി ഗുലാം നബി മാലിക് ആദ്യംകാലം മുതലേ സുഹൃത്തും ആയിരുന്നു. എന്നാല്‍ ഇതിനിടയ്ക്ക് തന്റെ രാഷ്ട്രീയ ഗുരുവായ റാം പ്യാരേ സരഫിനൊപ്പം നക്‌സല്‍ പ്രസ്ഥാനത്തിലേക്ക് ചുവടുമാറി. 1967 മുതല്‍ പലതവണ ജയില്‍വാസം അനുഭവിച്ചു. ഇത്തരമൊരു ജയില്‍ ജീവിതത്തിനിടെയാണ് അദ്ദേഹത്തിന്റെ ഭാര്യ പ്രസവത്തിനിടെ മരിച്ചുപോകുന്നത്, കൃത്യമായി പറഞ്ഞാല്‍ അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയ തടവുകാരനായിരിക്കെ.

1979 ല്‍ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ വധശിക്ഷയ്ക്ക് വിധേയനാക്കിയപ്പോള്‍ കശ്മീരും കത്തി. ആ സമയത്ത് മുഖ്യമന്ത്രിയായിരുന്ന ഷെയ്ഖ് അബ്ദുള്ള ആദ്യം ലക്ഷ്യമിട്ടത് സംസ്ഥാനത്തെ മാര്‍ക്‌സിസ്റ്റുകളേയും പിന്നെ തരിഗാമിയേയും ആയിരുന്നു. ഇതിന് ശേഷമാണ് മുഹമ്മദ് യൂസഫ് തരിഗാമിയും ഗുലാം നബി മാലിക്കും സിപിഐഎമ്മിലേക്ക് തിരികെ എത്തുന്നത്. ഇന്ന് സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് തരിഗാമി. 

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം വീട്ടുതടങ്കലിൽ ആയിരുന്നു തരി​ഗാമി. അന്ന് സിപിഐഎം ജനറൽ സെക്രട്ടറി ആയിരുന്ന സീതാറാം യെച്ചൂരി തരി​ഗാമിയ്ക്ക് വേണ്ടി ഹേബിയത് കോർപ്പസ് ഹ‍ർജി സമ‍‍ർപിച്ചു. പിന്നീട് സുപ്രീം കോടതി ഉത്തരവിന്റെ ബലത്തിൽ തരി​ഗാമി ദില്ലിയിൽ ചികിത്സ തേടി. അതിന് ശേഷം സ്വതന്ത്രനായാണ് ജമ്മു കശ്മീരിലേക്ക് മടങ്ങിയത്. പിന്നീട് രൂപീകരിക്കപ്പെട്ട ​ഗുപ്ക‍ർ സഖ്യത്തിന്റെ കൺവീനറും ആണ് അദ്ദേഹം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News