ഉപതിരഞ്ഞെടുപ്പ് വിധി ഇന്ന്; യെദ്ദ്യൂരപ്പയ്ക്ക് ഇന്ന് നിര്‍ണ്ണായക ദിനം

രാവിലെ എട്ടു മണിയ്ക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തു വരും.  

Last Updated : Dec 9, 2019, 08:03 AM IST
  • കര്‍ണാടകയില്‍ യെദ്ദ്യൂരപ്പ സര്‍ക്കാരിന്‍റെ ഭാവി ഇന്നറിയാം.
  • രാവിലെ എട്ടു മണിയ്ക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തു വരും.
  • ബിജെപിക്ക് പന്ത്രണ്ട് സീറ്റുവരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.
ഉപതിരഞ്ഞെടുപ്പ് വിധി ഇന്ന്; യെദ്ദ്യൂരപ്പയ്ക്ക് ഇന്ന് നിര്‍ണ്ണായക ദിനം

ബംഗളൂരൂ: കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്‍റെ ഭാവി ഇന്നറിയാം. 

15 മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം. രാവിലെ എട്ടു മണിയ്ക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. 11 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തു വരും.

ഏതാണ്ട് പത്ത് മണിയോടെ ഫലം വ്യക്തമാകുമെന്നാണ് സൂചന. ബിജെപിക്ക് പന്ത്രണ്ട് സീറ്റുവരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. ഇതിന്‍റെ ആത്മവിശ്വാസത്തിൽ മന്ത്രിസഭാ വികസന ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടുണ്ട്.

ചുരുങ്ങിയത് ആറു സീറ്റുകളെങ്കിലും നേടിയാലെ ബിജെപി സർക്കാറിന് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. എന്നാല്‍ തങ്ങള്‍ 13 സീറ്റുകളിൽ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യെദ്ദ്യൂരപ്പയുടെ അവകാശവാദം.

എന്നാല്‍ വിമതരെ ജനം തളളുമെന്നും പത്ത് സീറ്റ് വരെ നേടുമെന്നുമാണ് കോൺഗ്രസിന്‍റെ വാദം. ഉപതിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ പന്ത്രണ്ടെണ്ണം കോൺഗ്രസിന്‍റെയും മൂന്നെണ്ണം ജെഡിഎസിന്‍റെയും സിറ്റിംഗ് സീറ്റുകളാണ്.

നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് ഇപ്പോള്‍ യെദ്ദ്യൂരപ്പയ്ക്കുള്ളത്. 224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയിലുണ്ടായിരുന്നത്. 

എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും 17 എംഎല്‍എമാര്‍ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ തകര്‍ന്നടിഞ്ഞത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം നേതൃത്വം നല്‍കിയ 'ഓപ്പറേഷന്‍ താമര'യാണിതെന്നും, എംഎല്‍എമാരുടെ കുതിരക്കച്ചവടമാണ് നടന്നതെന്നും കോണ്‍ഗ്രസും ജെഡിഎസ്സും ആരോപിച്ചിരുന്നു.

17 എംഎല്‍എമാരെയാണ് അയോഗ്യരാക്കിയതെങ്കിലും 15 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാത്രമാണ് നടന്നത്. മസ്‌കി, ആര്‍ആര്‍ നഗര്‍ എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല.

Trending News