ന്യൂഡല്‍ഹി: കത്വ സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇന്ത്യന്‍ ശിക്ഷാനിയമം 228 എ മുതല്‍ ഇ വരെയുള്ള വകുപ്പുകളുടെ ലംഘനമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പെണ്‍കുട്ടിയുടെ പേര് തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഡല്‍ഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് സി ഹരി ശങ്കറും ഉള്‍പ്പെട്ട ബഞ്ചിന്‍റെതാണ് നടപടി.
കത്വ ജില്ലയില്‍ ഒരു ക്ഷേത്രത്തിനകത്തുവെച്ചാണ് മുസ്ലിം നാടോടി സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ജനുവരി 17 നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ അന്വേഷണ സംഘത്തെ തടഞ്ഞതോടെയാണ് സംഭവം ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായത്.