പനാജി: ഗോവയിൽ കോൺഗ്രസ് വിട്ട് എട്ട്എംഎൽഎമാർ ബിജെപിയിൽ ചേക്കേറിയെങ്കിലും നിലവിലെ മന്ത്രിസഭയിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് സൂചന നൽകി മുഖ്യമന്ത്രി പ്രമോദ് സാവന്ത് . കൂറുമാറിയെത്തിയവർക്കാ ക്യാബിനറ്റ് പദവികൾ ലഭിച്ചേക്കുമെന്ന ചോദ്യങ്ങളോട് പ്രതചികരിക്കുമ്പോഴാണ് പ്രമോദ് സാവന്തിന്റെ പ്രതികരണം. കോൺഗ്രസിൽ അസുന്തുഷ്ടരായിരുന്ന നേതാക്കളാണ് പാർട്ടി വിട്ടത്. അവർ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ പ്രഖ്യാപിച്ചാണ് ബിജെപിയിലെത്തിയത്. അല്ലാതെ പാർട്ടി കോൺഗ്രസ് എംഎൽഎമാരെ സമീപിച്ചിട്ടില്ലെന്നും സാവന്ത് വ്യക്തമാക്കി.
പ്രമോദ് സാവന്ത് അടക്കമുള്ള ബിജെപി നേതാക്കളുമായി കലഹിച്ച് കോൺഗ്രസിൽ ചേക്കേറിയ നേതാവാണ് മൈക്കിൾ ലോബോ. അദ്ദേഹത്തിന്റേത് ബിജെപിയിലേക്കുള്ള മടങ്ങിവരവാണെന്നും സാവന്ത് ന്യായീകരിച്ചു. ഉപാധികളില്ലാതെയാണ് മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് ബിജെപിയിൽ ചേർന്നത്. ബിജെപിയിൽ ഒരു പദവിയും നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയാണെങ്കിൽ, സംഘടനയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുമെന്ന് കാമത്ത് വ്യക്തമാക്കി.
40 അംഗ ഗോവ നിയമസഭയിൽ കോൺഗ്രസിന് ആകെയുണ്ടായിരുന്നത് 11 എംഎൽഎ മാരാണ് . അതിൽ എട്ടുപേർ ബിജെപിയിൽ ചേർന്നതോടെ ഇവർക്ക് കൂറുമാറ്റ നിയമം ബാധകമാകില്ല.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, ഗോവയിൽ പിളർപ്പ് തികച്ചും അപ്രതീക്ഷിതമായിരുന്നില്ല.2019ൽ 15 എംഎൽഎമാരിൽ 10 പേർ ബിജെപിയിൽ ചേർന്നിരുന്നു. അതിന് ശേഷം എഐസിസി നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തിയതോടെ പ്രശ്നങ്ങൾക്ക് രണ്ട് മാസത്തെ ഇടവേള ലഭിച്ചു. പക്ഷെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടയിൽ ഗോവയിൽ ഉണ്ടായ തിരിച്ചടി കോൺഗ്രസിനെ ദേശീയ തലത്തിൽ വെട്ടിലാക്കിയിരിക്കുകയാണ്.
40 അംഗ സഭയിൽ കോൺഗ്രസിന് ഇപ്പോൾ വെറും മൂന്ന് എംഎൽഎമാരാണുള്ളത്. അതേസമയം ബിജെപിക്ക് 28 ആയി ഉയർന്നു, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ രണ്ടംഗങ്ങളും മൂന്ന് സ്വതന്ത്രരും ചേർന്നതോടെ 33 എന്ന മൃഗീയ ഭൂരിപക്ഷത്തിലാണ് ബിജെപി മുന്നണി എത്തിനിൽക്കുന്നത്. ഗോവ ഫോർവേഡ് പാർട്ടിയുടെ ഒരംഗം കോൺഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്.ആം ആദ്മി പാർട്ടിക്ക് (എഎപി) ഇവിടെ രണ്ട് എംഎൽഎമാരുണ്ട്. പഞ്ചാബിനും ഡൽഹിക്കും പുറത്ത് നിയമസഭാ സാന്നിധ്യമുള്ള ഒരേയൊരു സ്ഥലമാണ് ഗോവ. റവല്യൂഷണറി ഗോവൻസ് പാർട്ടിക്ക് ഒരു എംഎൽഎയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...