സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ബിജെപിയിൽ; ഭോപ്പാലിൽ മൽസരിച്ചേക്കും

മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ അഭിമാന പോരാട്ടത്തിനൊരുങ്ങി ബിജെപി. ഭോപ്പാലില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് ആണ് ഭോപ്പാലില്‍  കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി. 

Last Updated : Apr 17, 2019, 04:44 PM IST
സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ബിജെപിയിൽ; ഭോപ്പാലിൽ മൽസരിച്ചേക്കും

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ അഭിമാന പോരാട്ടത്തിനൊരുങ്ങി ബിജെപി. ഭോപ്പാലില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് ആണ് ഭോപ്പാലില്‍  കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി. 

ആ അവസരത്തിലാണ് മലേഗാവ് സ്ഫോടനക്കേസിലെ പ്രതി സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ബിജെപിയില്‍ ചേരുന്നത്. ഇന്നാണ് അവര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നത്‌. പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതിന് മുന്‍പ് അവര്‍ മുതിര്‍ന്ന നേതാക്കളായ ശിവരാജ് സിംഗ് ചൗഹാന്‍, രാംലാല്‍, പ്രഭാത്‌ ഝാ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. 

ബിജെപിയില്‍ വിജയസാധ്യതയുള്ള സീറ്റില്‍നിന്ന് ജനവിധി തേടുമെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍  തന്‍റെ മുഖ്യ വിഷയം ദേശീയതയാവുമെന്നും, ദേശീയതയുടെ പേരിലാവും താന്‍ ഭോപ്പാലില്‍ തിരഞ്ഞെടുപ്പിനെ നേരിടുക എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ധര്‍മ്മയുദ്ധത്തിനാണ് താന്‍ തുടക്കം കുറിച്ചിരിക്കുന്നത്, രാഷ്ട്രധര്‍മ്മത്തിന്‍റെ യുദ്ധമാണ് ഇത്. രാഷ്ടം സുരക്ഷിതമെങ്കില്‍ മാത്രമേ നാം സുരക്ഷിതരായിരിക്കൂ, അവര്‍ പറഞ്ഞു. 

ദിഗ് വിജയ് സിംഗിനെതിരെ ഒന്നിച്ച് പോരാടുമെന്നും ദേശീയവിരുദ്ധ ശക്തികളെ തുരത്തുമെന്നും അവര്‍ പറഞ്ഞു. 

എന്നാല്‍ ഭോപ്പാലിൽ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ തദ്ദേശീയരായ നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്ന ഒരു ആശങ്കയും പാര്‍ട്ടിയ്ക്ക് ഇല്ലാതില്ല. എന്നാല്‍ അക്കാര്യത്തിലും സാധ്വിയുടെ പക്കല്‍ മറുപടിയുണ്ട്. താന്‍ ഭോപ്പാലില്‍ അന്യയല്ല എന്നുതന്നെയാണ് അവരുടെ വാദം. തന്‍റെ 16 മത്തെ വയസ്സുമുതല്‍ ഭോപ്പാലിലായിരുന്നു താമസിച്ചിരുന്നത് എന്നും എ.ബി.വി.പിയുമായി ചേര്‍ന്ന് ഭോപ്പാലിലുടനീളം താന്‍ പല കാര്യങ്ങളും ചെയ്തിട്ടുള്ളതായി അവര്‍ പറഞ്ഞു. ഭോപ്പാലിലെ എല്ലാ കുടുംബങ്ങള്‍ക്കും താന്‍ സുപരിചിതയാണ് എന്നും അവര്‍ പറഞ്ഞു. 
 
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് മത്സരിക്കുന്ന ഭോപ്പാലില്‍ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിനെ രംഗത്തിറക്കാനാണ് ബിജെപി നീക്കം. ഇത് സംബന്ധിച്ച ഒദ്യോഗിക തീരുമാനം ഉടന്‍തന്നെ ഉണ്ടാവുമെന്നാണ് സൂചന.

2008ലാണ് രാജ്യത്തെ നടുക്കിയ മാലേഗാവ് സ്ഫോടനം നടക്കുന്നത്. 7 പേര്‍ കൊല്ലപ്പെടുകയും 100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാവി ഭീകരത എന്നാണ് ഭരണകൂടം സ്ഫോടനത്തെ വിശേഷിപ്പിച്ചത്. സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍‍, കേണല്‍ പുരോഹിത് എന്നിവരായിരുന്നു പ്രധാന പ്രതികള്‍. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്. 

എന്നാല്‍, അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല, അവരെ ഇത്രയും കാലം വേട്ടയാടുകയായിരുന്നു, അവര്‍ക്ക് പ്രതികാരം ചെയ്യാനുള്ള അവസരമാണിതെന്ന് ഭോപ്പാല്‍ ബിജെപി എംപി അലോക് സഞ്ജാര്‍ പറഞ്ഞു.

 

Trending News