മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം!!

ഭരണഘടന ഭേദഗതി ചെയ്തു കൊണ്ട് 10% ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ബില്‍ നാളെത്തന്നെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും.

Last Updated : Jan 7, 2019, 04:02 PM IST
മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം!!

ന്യൂഡല്‍ഹി: ഭരണഘടന ഭേദഗതി ചെയ്തു കൊണ്ട് 10% ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ബില്‍ നാളെത്തന്നെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും.

അതേസമയം, ഭരണഘടനാ ഭേദഗതിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഏറെ കാലമായി ആർഎസ്എസ് ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. 

മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാവും സംവരണയോഗ്യത. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പുതിയ തീരുമാനം വഴി രാജ്യത്തെ സവര്‍ണ വിഭാഗത്തിനും സംവരണത്തിന് യോഗ്യത ലഭിക്കും.

എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം ലഭിക്കുക. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളിലും ഉപരി പഠനത്തിനുമാണ് ലഭിക്കുക. നിലവില്‍ ഒബിസി, പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ലഭിക്കുന്നത്. 

സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. ഈ വിധി തിരുത്തി 60 ശതമാനം സംവരണം കൊണ്ടു വരാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്‍റെ ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സർക്കാരിന്‍റെ ഈ നീക്കമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

രാജ്യത്തെ സവർണസമുദായങ്ങൾ എല്ലാം തന്നെ സാമ്പത്തിക സംവരണത്തെ അം​ഗീകരിക്കും എന്നുറപ്പായതിനാൽ നിർണായക രാഷ്ട്രീയ-സാമുദായിക പ്രതിസന്ധിയാവും മറ്റ് രാഷ്ട്രീയ കക്ഷികൾക്ക് നേരിടേണ്ടി വരിക. ഒബിസി-ന്യൂനപക്ഷ-ദളിത് ആഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികൾ സംവരണ നീക്കത്തെ എതിർത്ത് മുന്നോട്ട് വരുമെന്നുറപ്പാണ്. തീരുമാനത്തിനെതിരെ സഭയിലും കോടതിയിലും നിയമപോരാട്ടങ്ങള്‍ നടന്നേക്കാം.

എന്തായാലും നിയമപരമായി ഈ തീരുമാനം നിലനിന്നില്ലെങ്കിലും രാഷ്ട്രീയമായി നരേന്ദ്രമോദിക്കും ബിജെപിക്കും ഈ നീക്കം ഏറെ ഗുണം ചെയ്യും. മുന്നോക്ക വോട്ടുകൾ കയ്യിലാക്കാൻ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ തീരുമാനം ബിജെപിയെ സഹായിക്കും.

 

 

Trending News