Morbi Bridge Collapse: മോർബി പാലം തകർന്ന് മരണം 141 ആയി; പാലത്തിന്റെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങൾ

Gujarat Morbi bridge collapse: അപകടത്തിൽ പരിക്കേറ്റ 19 പേർ ചികിത്സയിലാണ്. രണ്ട് പേരെ കൂടി കണ്ടെത്താനുണ്ടെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 31, 2022, 01:13 PM IST
  • അഹമ്മദാബാദിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് അപകടം
  • ഛാത്ത് പൂജ ചടങ്ങുകൾ നടക്കുന്നതിനിടെ 150 വർഷം പഴക്കമുള്ള തൂക്കുപാലത്തിന്റെ കേബിളുകൾ പൊട്ടി മച്ചു നദിയിലേക്ക് പതിക്കുകയായിരുന്നു
  • അപകടസമയത്ത് പാലത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അഞ്ഞൂറോളം പേർ ഉണ്ടായിരുന്നു
Morbi Bridge Collapse: മോർബി പാലം തകർന്ന് മരണം 141 ആയി; പാലത്തിന്റെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങൾ

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ ബ്രിട്ടീഷ് ഭരണകാലത്തെ പാലം തകർന്ന് 141 പേർ മരിച്ചു. 177 പേരെ രക്ഷപ്പെടുത്തി. കാണാതായ നിരവധി പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഗുജറാത്തിലെ മോർബി നഗരത്തിലെ മച്ചു നദിയിലെ നൂറ്റാണ്ടോളം പഴക്കമുള്ള തൂക്കുപാലമാണ് ഞായറാഴ്ച വൈകുന്നേരം തകർന്നുവീണത്. അപകടത്തിൽ പരിക്കേറ്റ 19 പേർ ചികിത്സയിലാണ്. രണ്ട് പേരെ കൂടി കണ്ടെത്താനുണ്ടെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവി പറഞ്ഞു.

അഹമ്മദാബാദിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് അപകടം. ഛാത്ത് പൂജ ചടങ്ങുകൾ നടക്കുന്നതിനിടെ 150 വർഷം പഴക്കമുള്ള തൂക്കുപാലത്തിന്റെ കേബിളുകൾ പൊട്ടി മച്ചു നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് പാലത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അഞ്ഞൂറോളം പേർ ഉണ്ടായിരുന്നു. 141 പേരാണ് മരിച്ചത്. തകർന്ന പാലത്തിൽ കുടുങ്ങിക്കിടന്നവരാണ് രക്ഷപ്പെട്ടത്. ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ടീമുകൾക്ക് പുറമെ കര, നാവിക, വ്യോമ സേനകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

ALSO READ: Cable bridge collapses: ഗുജറാത്തിൽ തൂക്കുപാലം തകർന്നുണ്ടായ അപകടം: മരണം 132 കടന്നു; അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു

മച്ചു നദിക്ക് കുറുകെയുള്ള പാലം അറ്റകുറ്റപ്പണികൾക്കായി ഏഴ് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഗുജറാത്തി പുതുവർഷമായ ഒക്ടോബർ ഇരുപത്തിയാറിനാണ് ഇത് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പാലം പുനരുദ്ധാരണ പ്രവർത്തനം നടത്തിയ കരാറുകാരൻ പാലം വീണ്ടും തുറക്കുന്നതിന് മുമ്പ് സുരക്ഷാ സർട്ടിഫിക്കറ്റ് എടുത്തിരുന്നില്ലെന്ന് പ്രാദേശിക മുനിസിപ്പൽ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തത്തിന്റെ ഉത്തരവാദിത്തം ഗുജറാത്ത് സർക്കാർ ഏറ്റെടുത്തു. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അഞ്ചംഗ ഉന്നതാധികാര സമിതി അന്വേഷിക്കുന്നുണ്ടെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു.

മോർബി ബ്രിഡ്ജ് തകർച്ചയെക്കുറിച്ചുള്ള അഞ്ച് വസ്തുതകൾ

1. തൂക്കുപാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളും ഒക്ടോബർ ഇരുപത്തിയാറിന് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്ന സംഭവവികാസങ്ങൾ നിരീക്ഷിച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്, സർക്കാരിന്റെ ടെൻഡർ നേടിയ ശേഷം സ്വകാര്യ ട്രസ്റ്റായ ഒരെവയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്നാണ്. എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഏഴ് മാസത്തേക്ക് പാലം അടച്ചിരുന്നു.

2. പാലം തുറക്കുന്നതിന് മുമ്പ് കമ്പനി, അധികൃതരിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയില്ലെന്ന് മോർബി മുനിസിപ്പൽ മേധാവി സന്ദീപ്‌സിൻഹ് സാല എൻഡിടിവിയോട് പറഞ്ഞു.

3. “സർക്കാർ ടെൻഡർ നൽകിയതായിരുന്നു. പാലം തുറക്കുന്നതിന് മുമ്പ് ഒരെവ ഗ്രൂപ്പ് അതിന്റെ നവീകരണ വിശദാംശങ്ങൾ നൽകേണ്ടതും ഗുണനിലവാര പരിശോധന നടത്തേണ്ടതുമായിരുന്നു. എന്നാൽ കമ്പനി ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തി. സർക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു, ”സാല പറഞ്ഞു.

4. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയിൽ കേബിളുകൾ പൊട്ടിക്കാൻ ശ്രമിക്കുന്നതുപോലെ കുറച്ച് ആളുകൾ പാലം കുലുക്കുന്നത് കാണുന്നുണ്ട്. ഈ നടപടിയാണ് പാലത്തിനെ തകർച്ചയിലേക്ക് നയിക്കാൻ കാരണമായതെന്നാണ് സൂചന. എന്നാൽ വീഡിയോ പഴയതാണെന്നാണ് ചില വസ്തുതാ പരിശോധകർ പറയുന്നത്. ഇക്കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.

5. “പാലം കഴിഞ്ഞ ആഴ്ച പുതുക്കി പണിതതാണ്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്, ”സംസ്ഥാന തൊഴിൽ മന്ത്രി ബ്രിജേഷ് മെർജ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News