റാഫേല്‍ ഇടപാട്: നിര്‍മല സീതാരാമനെതിരെ കടുത്ത ആരോപണവുമായി രാഹുല്‍

ഹിന്ദുസ്ഥാന്‍ എയനോട്ടിക്‌സ് ലിമിറ്റഡിന് റഫാല്‍ വിമാനങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നെന്ന എച്ച്.എ.എല്‍ മുന്‍ മേധാവി ടി.എസ് രാജുവിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ ട്വീറ്റ്.    

Updated: Sep 20, 2018, 03:03 PM IST
റാഫേല്‍ ഇടപാട്: നിര്‍മല സീതാരാമനെതിരെ കടുത്ത ആരോപണവുമായി രാഹുല്‍

ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടില്‍ പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് പ്രസിഡന്റ്. തന്‍റെ ട്വീറ്ററിലൂടെയാണ് രാഹുല്‍ ആരോപണം ഉന്നയിച്ചത്. പ്രതിരോധ മന്ത്രിയെ 'റാഫേല്‍ മന്ത്രി' എന്ന് വിശേഷിപ്പിക്കുകയും, മന്ത്രി ഉടന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

 

 

ഹിന്ദുസ്ഥാന്‍ എയനോട്ടിക്‌സ് ലിമിറ്റഡിന് റഫാല്‍ വിമാനങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നെന്ന എച്ച്.എ.എല്‍ മുന്‍ മേധാവി ടി.എസ് രാജുവിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ ട്വീറ്റ്. നേരത്തെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് റഫാല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയില്ലെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.

ടി.എസ് രാജുവിന്‍റെ വെളിപ്പെടുത്തലോടെ പ്രതിരോധ മന്ത്രി കളവ് പറയുകയായിരുന്നെന്ന് തെളിഞ്ഞതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. സ്വയം ന്യായീകരിക്കാനാകാത്ത അവസ്ഥയിലാണ് മന്ത്രിയെന്നും അവര്‍ ഉടന്‍ രാജിവക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ടി.എസ് രാജുവിന്‍റെ വെളിപ്പെടുത്തല്‍ വന്ന വാര്‍ത്താ കുറിപ്പോടെയാണ് രാഹുലിന്‍റെ ട്വീറ്റ്.

സര്‍ക്കാരും കോണ്‍ഗ്രസും റാഫേല്‍ അഴിമതിയുടെ മേലുള്ള ആരോപണങ്ങള്‍ പരസ്പരം ആരോപിക്കുന്നത് പതിവായിരിക്കുകയാണ്.  യു.പി.എ ഭരണകാലത്താണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് കരാറില്‍ നിന്ന് പിന്‍വാങ്ങിയതെന്ന് നിര്‍മല സീതാരാമന്‍ ആരോപിച്ചിരുന്നു. യു.പി.എ സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത കാരണമാണ് എച്ച്.എ.എല്ലിന് യുദ്ധ വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള അവസരം നഷ്ടമായതെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

2016 ലാണ് മോദി സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരുമായി നേരിട്ട് വിമാനം വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടത്. 58,000 കോടി രൂപയ്ക്ക് 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ദേശീയ സുരക്ഷയെയും രാജ്യതാല്‍പര്യത്തെയും ഹനിക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.