പ്രധാനമന്ത്രിയുടെ വെറുപ്പിനെ സ്‌നേഹം കൊണ്ട് നേരിടും: രാഹുല്‍ ഗാന്ധി

നാലുവര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയ ചര്‍ച്ചയിലാണ് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ചത്.   

Last Updated : Jul 21, 2018, 05:26 PM IST
പ്രധാനമന്ത്രിയുടെ വെറുപ്പിനെ സ്‌നേഹം കൊണ്ട് നേരിടും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വെറുപ്പിനെ സ്‌നേഹം കൊണ്ട് നേരിടുന്നതായിരുന്നു കഴിഞ്ഞദിവസം നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ രാഹുല്‍ഗാന്ധി നടത്തിയ മുക്കാല്‍മണിക്കൂര്‍ നീണ്ട പ്രസംഗവും, ഏറെ ശ്രദ്ധിക്കപ്പെട്ട ആലിംഗനവും രാജ്യമാകെ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് അദ്ദേഹം ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 

 

''രാജ്യത്തെ ചിലരുടെ മനസുകളിലെങ്കിലും ഭയവും വെറുപ്പും ദേഷ്യവും നിറച്ചാണ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കഥയുണ്ടാക്കിയത്. എന്നാല്‍ എല്ലാ ഇന്ത്യക്കാരുടെ ഹൃദയങ്ങളിലും സ്‌നേഹവും കാരുണ്യവും മാത്രമേയുള്ളുവെന്ന് ഞങ്ങള്‍ തെളിയിക്കാന്‍ പോകുകയാണ്. ഈയൊരു വഴിയിലൂടെ മാത്രമേ രാജ്യത്തെ പടുത്തുയര്‍ത്താനാകൂവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

നാലുവര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയ ചര്‍ച്ചയിലാണ് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ചത്. പ്രസംഗത്തിനുപിന്നാലെ മോദിയുടെ ഇരിപ്പിടത്തിലെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തും രാഹുല്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. 

എന്നാല്‍ തന്‍റെ ഇരിപ്പിടം കൈയടക്കാന്‍ രാഹുലിന് എന്താണിത്ര ധൃതിയെന്നായിരുന്നു മോദി മറുപടി പ്രസംഗത്തില്‍ പറഞ്ഞത്. രാജ്യത്തെ 125 കോടി ജനങ്ങള്‍ക്ക് മാത്രമേ പ്രധാനമന്ത്രി കസേരയില്‍ ആരിരിക്കണമെന്ന് തീരുമാനിക്കാന്‍ അധികാരമുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Trending News