ഉദ്ധവ് താക്കറെയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ആശംസയെ ഏറെ പ്രധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷക‌ര്‍ നോക്കിക്കാണുന്നത്. 

Last Updated : Jul 27, 2018, 08:51 PM IST
ഉദ്ധവ് താക്കറെയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

ഇന്ന് രാവിലെ ഉദ്ധവിന് ട്വിറ്ററിലൂടെയാണ് രാഹുല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. 'ഉദ്ധവ് താക്കറെജിക്ക് അദ്ദേഹത്തിന്റെ അന്‍പത്തിയെട്ടാം ജന്മദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. എല്ലായ്പ്പോഴും ആയുരാരോഗ്യങ്ങളും സന്തോഷവും ഉണ്ടാവട്ടെ'- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ആശംസയെ ഏറെ പ്രധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷക‌ര്‍ നോക്കിക്കാണുന്നത്. 

അടുത്തിടെ കേന്ദ്രസര്‍ക്കാരിനെതിരെ തെലുങ്ക് ദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ നിന്നും ശിവസേന വിട്ട് നിന്നതും ചര്‍ച്ചയായിരുന്നു. 

ഇതിന് പിന്നാലെ എതിര്‍ ചേരിയില്‍ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന താക്കറെയ്‌ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത് ശിവസേനയെ കൂടി തങ്ങളുടെ പാളയത്തില്‍ എത്തിച്ച്‌ വിശാലസഖ്യത്തിന് കൂടുതല്‍ കരുത്തേകാനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേസമയം ഉദ്ധവ് താക്കറെയ്ക്ക് രാജ്യത്തിനുള്ളില്‍നിന്നും പുറത്തുനിന്നും നിരവധി പേര്‍ ജന്മദിനാശംസകള്‍ നേരാറുണ്ട്. ഇത്തവണ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആശംസ അറിയിക്കുകയായിരുന്നുവെന്ന് ശിവസേനാ വക്താവ് സഞ്ജയ്‌ റാവത്ത് പറഞ്ഞു.

അവിശ്വാസ പ്രമേയത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച രാഹുലിന്റെ അപ്രതീക്ഷിത നീക്കം പാര്‍ലമെന്റിനകത്തും പുറത്തും ഏറെ ചര്‍ച്ചയായിരുന്നു. 

രാഷ്ട്രീയമായ ശത്രുതകള്‍ക്കപ്പുറം നേതാക്കള്‍ തമ്മിലുള്ള വ്യക്തിഗത ബന്ധത്തിന് രാഹുല്‍ ഗാന്ധി പ്രാധാന്യം നല്‍കുന്നതിന്റെ മറ്റൊരു തെളിവാണിതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Trending News