ന്യൂഡല്‍ഹി: മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്യുന്ന റോഹിങ്ക്യകള്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ല, നുഴഞ്ഞുകയറ്റക്കാരാണെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു. രാജ്യത്തെ ഒരു വിഭാഗം, റോഹിങ്ക്യകളോട് കാണിക്കുന്ന സഹാനുഭൂതി ദുഃഖകരമാണെന്നും റോഹിങ്ക്യകള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥിന്‍റെ റോഹിങ്ക്യകളോടുള്ള വിദ്വേഷത്തിന്‍റെ മുഖം പരസ്യമായത്.
"റോഹിങ്ക്യന്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യകള്‍ ഇന്ത്യയിലെ അഭയാര്‍ത്ഥികളല്ല, നുഴഞ്ഞുകയറ്റക്കാരാണ്. രാജ്യത്തെ ഒരു വിഭാഗമാളുകള്‍ റോഹിങ്ക്യകളുടെ അവസ്ഥയില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും സഹാനുഭൂതി പ്രകടമാക്കുകയും ചെയ്യുന്നത് തീര്‍ത്തും അപലപനീയവും ദുഃഖകരവുമാണ്," യോഗി ആദിത്യനാഥ് പ്രതികരിച്ചു.
മ്യാന്‍മറില്‍ നിരപരാധികളായ നിരവധി ഹിന്ദുക്കള്‍ കൊല്ലപ്പെടുന്നുണ്ട്. ഇത് റോഹിങ്ക്യകളുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
റോഹിങ്ക്യകള്‍ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇന്ത്യൻ പൗരന്‍റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഇത് മൗലിക അവകാശങ്ങളെ ഹനിക്കുന്നതിന് തുല്യമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.