ലഖ്നൗ: ഡോ. കഫീല്‍ ഖാനെ വിടാതെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാര്‍!!
ഗോരഖ്പൂരില്‍ നടന്ന ശിശുമരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്നു കുറ്റവിമുക്തനായതിനു പിന്നാലെ അടുത്ത അന്വേഷണത്തിന് ഉത്തരവ് നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി.
അച്ചടക്കമില്ലായ്മ, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ ആശുപത്രിയില്‍ നിയമിതനായതിനു ശേഷം ഗോരഖ്പുരിലെ ഒരു സ്വകാര്യ നഴ്‌സി൦ഗ് ഹോമില്‍ 2017 വരെ കഫീല്‍ ഖാന്‍ പ്രാക്ടീസ് നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ,
മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും തെറ്റിദ്ധാരണ പരത്തിയെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്നുണ്ട്.
കൂടാതെ, സസ്‌പെന്‍ഷനിലായിരുന്ന അവസരത്തില്‍ ബഹ്‌റായിച് ജില്ലാ ആശുപത്രിയില്‍ അനധികൃതമായി പ്രവേശിച്ചു കുട്ടികളെ ചികിത്സിക്കാന്‍ ശ്രമിച്ചതും ആശുപത്രിയില്‍ പരിഭ്രാന്തി സൃഷ്ടിച്ചെന്ന ആരോപണവും അന്വേഷണത്തില്‍പ്പെടും. 2018 സെപ്റ്റംബറിലാണ് ഈ സംഭവം നടക്കുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജനീഷ് ദുബെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
അതേസമയം, 2017ല്‍ കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ അഴിമതിയോ കൃത്യവിലോപമോ കഫീല്‍ ഖാന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.
സംഭവം നടക്കുന്ന സമയത്ത് എന്‍സിഫലിസിസ് വാര്‍ഡിലെ നോഡല്‍ ഓഫീസര്‍ കഫീല്‍ ഖാന്‍ അല്ലായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹം അവധിയില്‍ ആയിരുന്നിട്ടും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം തന്‍റെ കഴിവിന്‍റെ പരമാവധി ചെയ്തു. തന്‍റെ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് 500 ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അദ്ദേഹം സംഘടിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദ്രവ ഓക്‌സിജന്‍റെ ടെന്‍ഡര്‍, സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കഫീല്‍ ഖാന്‍ ഉത്തരവാദിയല്ല. ഓഗസ്റ്റ് 10-12 ദിവസങ്ങളിലായി മെഡിക്കല്‍ കോളജില്‍ 54 മണിക്കൂറോളം ദ്രവ ഓക്സിജന്‍റെ അഭാവമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.
എന്നാല്‍, ഈ സംഭവവുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാനെ ആശുപത്രിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ഏഴുമാസത്തോളം തടവിലാക്കുകയും ചെയ്തത്.