അധിര്‍ രഞ്ജന്‍ ചൗധരി, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ്

കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായി പശ്ചിമ ബംഗാളില്‍നിന്നുള്ള അധിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. 

Last Updated : Jun 18, 2019, 05:06 PM IST
അധിര്‍ രഞ്ജന്‍ ചൗധരി, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായി പശ്ചിമ ബംഗാളില്‍നിന്നുള്ള അധിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. 

രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേ സഹമന്ത്രിയായിരുന്ന അദ്ദേഹം 1999 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ബഹറാംപൂര്‍   സീറ്റില്‍ നിന്ന് വിജയിച്ച നേതാവാണ്‌. പശ്ചിമ ബംഗാള്‍ മുന്‍ പിസിസി അദ്ധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം.

കോണ്‍ഗ്രസ് സഭാകക്ഷിനേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി രൂപപ്പെട്ടത്. ഖാര്‍ഗെയുടെ അസാന്നിധ്യത്തില്‍ രാഹുല്‍ തന്നെ കക്ഷിനേതാവിന്‍റെ സ്ഥാനം ഏറ്റെടുക്കണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അദ്ധ്യക്ഷ സ്ഥാനത്ത് പോലും തുടരാന്‍ ഇല്ലെന്നായിരുന്നു രാഹുലിന്‍റെ തീരുമാനം. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ അടക്കം പേരുകള്‍ പരിഗണിച്ചെങ്കിലും ഒടുവില്‍ അധിര്‍ രഞ്ജന്‍ ചൗധരിക്ക് നറുക്ക് വീഴുകയായിരുന്നു. അഞ്ച് തവണ ലോക്സഭാംഗമെന്ന പരിചയം കണക്കിലെടുത്താണ് ചൗധരിയെ കക്ഷിനേതാവാക്കാന്‍ തീരുമാനിച്ചത്. 

കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായി കേരളത്തില്‍നിന്നുള്ള പല മുതിര്‍ന്ന നേതാക്കളുടെയും പേരുകള്‍ പരിഗണിച്ചിരുന്നുവെങ്കിലും നറുക്ക് വീണത്‌ അധിര്‍ രഞ്ജന്‍ ചൗധരിയ്ക്കാണ്. യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗമാണ് കക്ഷി നേതാവിനെ നിശ്ചയിച്ചത്. എകെ ആന്‍റണി, ഗുലാം നബി ആസാദ്, ജയ്‌റാം രമേശ്, ആനന്ദ് ശര്‍മ്മ, പി ചിദംബരം, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കൊപ്പം അധിര്‍ രഞ്ജന്‍ ചൗധരിയും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ് അധിര്‍ രഞ്ജന്‍ ചൗധരി‍. ബംഗാളില്‍ നിന്ന് രണ്ട് എംപിമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

കോണ്‍ഗ്രസിന് ഇത്തവണ 51 സീറ്റുകളാണ് ലോക്‌സഭയിലുള്ളത്. പ്രതിപക്ഷ നോവിനെ ലഭിക്കണമെങ്കില്‍ 55 സീറ്റുകള്‍ വേണം.

 

 

Trending News