തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് സുരക്ഷയൊരുക്കാനും തിരക്ക് നിയന്ത്രിക്കാനുമായി 15,059 പൊലീസുകാരെ നിയമിക്കും. നവംബര്‍ 14 മുതല്‍ ജനുവരി 16 വരെയാണ് ക്രമീകരണങ്ങള്‍. ആകാശനിരീക്ഷണവും ഏര്‍പ്പെടുത്തും.
പല ഘട്ടങ്ങളായാണ് 15,059 പൊലീസുകാരെ നിയമിക്കുക. ഓരോഘട്ടത്തിലും ശബരിമലയില്‍ മൊത്തം നാലായിരത്തോളം പൊലീസുകാര്‍ ചുമതലയിലുണ്ടാകും. കൂടാതെ, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്‍റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും രണ്ടു സംഘങ്ങളെയും നിയമിക്കും. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും വിശദമായ സുരക്ഷാ പദ്ധതിയൊരുക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം എന്നിവയ്ക്ക് നടതുറന്നപ്പോഴുണ്ടായ അനിഷ്ടസംഭവങ്ങള്‍ കണക്കിലെടുത്താണ് സുരക്ഷ കര്‍ശനമാക്കുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം റൂറല്‍ ജില്ലകളിലെ സ്ഥിരംസംവിധാനങ്ങള്‍ കൂടാതെയാണ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പ്രത്യേക സുരക്ഷ.
ശബരിമലയെയും പരിസരപ്രദേശങ്ങളെയും നാല് മേഖലകളായി തിരിക്കും. സുരക്ഷാക്രമീകരണങ്ങളും നാല് ഘട്ടങ്ങളായാണ്. ഓരോ ഘട്ടത്തിലും നാലായിരം പൊലീസുകാരുണ്ടാകും. ജലപീരങ്കി ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനങ്ങളും ശബരിമലയിലെത്തിക്കും. ഇതിനൊപ്പം അക്രമികളെ തിരിച്ചറിയാന്‍ മുഖംതിരിച്ചറിയല്‍ സോഫ്റ്റ്‌വേറുകളും ഉപയോഗിക്കും.