തൃശൂർ: നടൻ ഇന്നസെന്റിന് യാത്രാമൊഴി നൽകി നാട്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ (75) ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിച്ചു.
കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10.30ന് ആയിരുന്നു അന്ത്യം. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിലും പൊതുദർശനത്തിന് ശേഷം തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലേക്കെത്തിയത്. കൊച്ചിയിൽ നിന്ന് വിലാപയാത്രയായാണ് ഇരിങ്ങാലക്കുടയിലേക്ക് ഭൗതികശരീരം കൊണ്ടുവന്നത്.
1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി തൃശൂരിലെ ഇരിങ്ങാലക്കുടയിലായിരുന്നു ഇന്നസെന്റിന്റെ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്.സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. എട്ടാം ക്ലാസ്സിൽ പഠനം നിർത്തി. ബിസിനസ് രംഗത്തേക്ക് ഇറങ്ങി. പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.
സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ഇന്നസെന്റിന്റെ ആദ്യ ചിത്രം. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുൻപേ, ഓർമ്മയ്ക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു.
2013ൽ കാൻസർ ബാധ തിരിച്ചറിഞ്ഞു. കീമോതെറാപ്പിക്ക് വിധേയനാവുകയും സുഖം പ്രാപിക്കുകയും ചെയ്തു. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം 2023 മാർച്ച് മൂന്നിന് അദ്ദേഹത്തെ എറണാകുളത്തെ ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. 2023 മാർച്ച് 26ന് രാത്രി 10.30ന് കുടുംബത്തെയും സുഹൃത്തുക്കളെയും സിനിമാ പ്രേമികളെയും ആരാധകരെയും കണ്ണീരിലാഴ്ത്തി അദ്ദേഹം വിടപറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...