നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം കോവളം ലൈറ്റ് ഹൗസ് വീണ്ടും തുറക്കുകയാണ്. കേരളത്തിലെ തന്നെ ഏറ്റവും സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കോവളം ലൈറ്റ് ഹൗസ് .ദിവസേന നൂറുകണക്കിന് സഞ്ചാരികൾ ഒഴുകിയെത്തുന്ന കോവളം ബീച്ചിന്റെ സുപ്രധാന ആകർഷണമായിരുന്നു ലൈറ്റ് ഹൗസ്. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് പ്രതിസന്ധി മൂലം ലൈറ്റ് ഹൗസ് സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിരുന്നില്ല.ഇത് ബീച്ചിലെത്തുന്ന സന്ദർശകർക്ക് ഏറെ നിരാശ ഉണ്ടാക്കിയിരുന്നു. കേന്ദ്രനിർദേശാനുസരണം ലൈറ്റ് ഹൗസുകൾ മെയ് ഒന്ന് മുതൽ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുവാനുള്ള അനുമതി ലഭിച്ചതോടെ കോവളവും അതിന്‍റെ പഴയ പ്രതാപകാലത്തേക്ക് മടങ്ങുകയാണ്.
ലിഫ്റ്റ് അടക്കമുള്ള സൗകര്യമുള്ളതാണ് കോവളത്തെ ലൈറ്റ് ഹൗസ്. കോവളം ബീച്ച് യഥാർഥത്തിൽ മലബാർ തീരത്തോട് ചേർന്ന് കിടക്കുന്ന വെളുത്ത മണൽ ബീച്ചാണ്. ഹവ ബീച്ച്, സമുദ്ര ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവയാണ് ബീച്ചിനെ വേർ തിരിക്കുന്ന മൂന്ന് ഭാഗങ്ങൾ. ഈ മൂന്ന് മൂന്ന് ബീച്ചുകളിൽ ഏറ്റവും വലുത് ലൈറ്റ് ഹൗസ് ബീച്ചാണ്. ബീച്ചിന്റെ തെക്കേ അറ്റത്താണ് ലൈറ്റ് ഹൗസ് സ്ഥിത് ചെയ്യുന്നത്. വിശാലമായ ബീച്ചും അതിനരികിലായി വലിയ പാറക്കെട്ടുമാണുളളത്. അതിന്റെ ഉയർന്ന ഭാഗത്തായാണ് ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്.
Read Also: യു.എ.ഇയിൽ അഞ്ച് ദിവസത്തെ ഈദുൾ ഫിത്തർ അവധി പ്രഖ്യാപിച്ചു; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്
ലൈറ്റ് ഹൗസിന്റെ മുകളിൽ നിന്ന് നോക്കിയാൽ തിരുവനന്തപുരത്തിന്റെ തെക്കൻ തീര പ്രദേശം കാണാം. ഒരു വശത്ത് പൂവാറിന്‍റെയും മറുവശത്ത് കാണുന്ന ബീമാപള്ളി മസ്ജിദുമെല്ലാം നയനാനുഭൂതി നൽകുന്ന ദൃശ്യങ്ങളാണ്. ലൈറ്റ് ഹൗസ് ആകട്ടെ ഫോട്ടോഗ്രാഫർമാരുടേയും പറുദീസയാണ്. ലൈറ്റ് ഹൗസിൽ നിന്നുള്ള കാഴ്ചകൾ ഒപ്പിയെടുക്കാൻ നിരവധി ഫോട്ടോഗ്രാഫർമാരും ദിവസേന ഇവിടെ എത്താറുണ്ട്. വിദേശ സഞ്ചാരികളുടെ പറുദീസയായിരുന്ന കോവളം കോവിഡ് നിയന്ത്രണങ്ങളോടെയാണ് ശുഷ്കമായത്. നിയന്ത്രണങ്ങൾ നീങ്ങിയതോടെ കൂടുതൽ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
കോവിഡ് കാലത്തെ പ്രതിസന്ധി ലൈറ്റ് ഹൗസിന്റെ കാഴ്ചകൾ സഞ്ചാരികളിൽ നിന്നും വിലക്കിയിരുന്നു. ഇനി വീണ്ടും പഴയ പ്രതാപത്തോടെ തന്നെ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് കോവളം ലൈറ്റ് ഹൗസ്. ബീച്ചിൽ വരുന്ന സഞ്ചാരികൾക്കും ലൈറ്റ് ഹൗസ് സന്ദർശനം വിലക്കിയത് വലിയ നിരാശ ഉണ്ടാക്കിയിരുന്നു. ലൈറ്റ് ഹൗസ് തുറക്കുന്നതോട് കൂടി ലൈറ്റ് ഹൗസിൽ നിന്നുള്ള മനോഹര ദൃശ്യങ്ങൾ സഞ്ചാരികൾക്ക് വീണ്ടും ആസ്വദിക്കാം. രാവിലെ 10 മുതൽ 12.30 വരെയും തുടർന്ന് 2 മുതൽ 5.50 വരെയുമാണ് പ്രവേശനം. തിങ്കളാഴ്ച ഒഴിച്ച് മറ്റെല്ലാ ദിവസങ്ങളിലും ഇവിടെ വിനോദ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA