തിരുവനന്തപുരം: പിണങ്ങിപ്പോക്കും ഇണങ്ങിച്ചേരലും പുത്തരിയല്ലാത്ത P C Chacko നീണ്ട മൗനത്തിന് ശേഷം വീണ്ടും കോണ്‍ഗ്രസ് വിട്ടു....
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവഗണനയിലും ഗ്രൂപ്പ് വൈര്യത്തിലും പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് പി.സി ചാക്കോ (P C Chacko) മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സോണിയ ഗാന്ധിയ്ക്ക് രാജിക്കത്ത് നല്‍കിയ അദ്ദേഹം പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കത്തിനിടെ എന്നും അവഗണനയാണ് തനിക്ക് ലഭിച്ചത് എന്നും ചൂണ്ടിക്കാട്ടി. കൂടാതെ, കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്ല എ കോൺഗ്രസും ഐ കോൺഗ്രസുമാണുള്ളതെന്നും പി സി ചാക്കോ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍, പി സി ചാക്കോ പുറത്തായതോടെ അദ്ദേഹത്തിന് ഡിമാന്‍ഡ് വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. നിരവധി പാര്‍ട്ടികളാണ് സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിയ്ക്കുന്നത്. പി സി ചാക്കോയെ ഒപ്പം കൂട്ടാന്‍ പണിപ്പെട്ട് NCPയും ബിഡിജെഎസുമാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്.
പി സി ചാക്കോ വന്നാല്‍ അര്‍ഹമായ സ്ഥാനം നേതൃനിരയില്‍ നല്‍കുമെന്ന് എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
'ചാക്കോ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവാണ്. മുന്‍പ് ശരത് പവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച നേതാവും അദ്ദേഹത്തിന്‍റെ സുഹൃത്തും കൂടിയാണ്. അദ്ദേഹം പാര്‍ട്ടിയില്‍ എത്തുന്നത് NCPക്ക് ഗുണം ചെയ്യും. മുതിര്‍ന്ന നേതാവെന്ന നിലയില്‍ നേതൃനിരയില്‍ തന്നെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനം നല്‍കും', പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
അതേസമയം, പി സി ചാക്കോയെ ഒപ്പം കൂട്ടാന്‍ എന്‍സിപിക്ക് പിന്നാലെ എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസും രംഗത്തെത്തി. BDJSല്‍ എത്തിയാല്‍ ഉചിതമായ പരിഗണന നല്‍കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കേരളത്തിലെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തില്‍ UDF അപ്രസക്തമാണെന്നും പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടിപ്പോരില്‍ മനംമടുത്ത് കൂടുതല്‍ നേതാക്കള്‍ ഇനിയും പാര്‍ട്ടിവിട്ടു വരുമെന്നും തുഷാര്‍ വെള്ളാപ്പള്ളി കുറിപ്പില്‍ പറയുന്നു.
അതേസമയം, ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ലെന്ന് പറയുമ്പോഴും പി സി ചാക്കോ എങ്ങോട്ടാണെന്ന ചര്‍ച്ച സജീവമാണ്. എന്നാല്‍, ഇരു പാര്‍ട്ടികളുടെയും ക്ഷണത്തോട് പ്രതികരിക്കാനില്ല എന്നാണ് നിലവില്‍ പി സി ചാക്കോയുടെ നിലപാട്.
സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പി സി ചാക്കോ, അടുത്ത കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് വേദികളില്‍ സജീവമായിരുന്നില്ല. നാലുതവണ ലോകസഭ യില്‍ അംഗമായ പി സി ചാക്കോ 1999ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് സിപിഎമ്മിന്‍റെ കെ സുരേഷ് കുറുപ്പിനോടും 2014ല്‍ ചാലക്കുടിയില്‍ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റിനോടും പരാജയപ്പെത്തിരുന്നു.
1991ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ആദ്യമായി ലോക്സഭാംഗമായ പി സി ചാക്കോ 1996ല്‍ മുകുന്ദപുരത്ത് നിന്നും 1998ല്‍ ഇടുക്കിയില്‍ നിന്നും 2009ല്‍ തൃശൂരില്‍ നിന്നും വീണ്ടും ലോക്സഭയിലെത്തിയിരുന്നു.
അതേസമയം കോണ്‍ഗ്രസില്‍ നിന്നുള്ള പിണങ്ങിപ്പോക്കും തിരിച്ചുവരവും പി സി ചാക്കോയ്ക്ക് പുതുമയുള്ള കാര്യവുമല്ല. നാലുവര്‍ഷത്തോളം കോണ്‍ഗ്രസ് എസില്‍ പ്രവര്‍ത്തിച്ച് ശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചരിത്രവും ചാക്കോയ്ക്കുണ്ട്.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി,യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് ചാക്കോയുടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.