തിരുവനന്തപുരം : ഹൈക്കോടതി വിധി അട്ടിമറിച്ചും വിരമിക്കൽ പ്രായം ഉയർത്തിയും സി-ആപ്റ്റിൽ (C-apt) മന്ത്രി സഹോദരനെയും ഭരണകക്ഷി യൂണിയന്‍ നേതാക്കളേയും സംരക്ഷിക്കാനുള്ള നീക്കം. ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്താനുള്ള ഗവേണിങ് ബോഡി യോഗത്തിന്റെ ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്കായി കൈമാറി.
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി-ആപ്റ്റില്‍ 2022 മെയ് മാസത്തിലും തുടര്‍ന്നും വിരമിക്കാന്‍ സാദ്ധ്യതയുള്ള 58 വയസ് തികയുന്നവർക്കാണ് കാലാവധി നീട്ടി നൽകുക. അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനം പാസാക്കിയെടുക്കാനാണ് ഊർജ്ജിത നീക്കം നടക്കുന്നത്. തലസ്ഥാനത്ത് നിന്നുള്ള മന്ത്രിയുടെ സഹോദരനും ഭരണകക്ഷി യൂണിയൻ നേതാക്കൾക്കും ഈ ആനുകൂല്യത്തിന‍്റെ ഗുണം ലഭിക്കും. മാർച്ച് 30ന് ചേർന്ന ഗവേണിങ് ബോഡിയുടെ ശുപാർശ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രിന്റിംഗ് ജോലികളും ലോട്ടറി ടിക്കറ്റുകളുടെ അച്ചടിയുംചെയ്യുന്ന ഈ സ്ഥാപനം, 2002 ൽ 430 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആവശ്യത്തിൽ കൂടുതൽ ജീവനക്കാരുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൂട്ട പിരിച്ചുവിടൽ. തുടർന്ന് കോടതിയെ സമീപിച്ച തൊഴിലാളികളെ ഒഴിവുകൾ വരുന്ന മുറയ്ക്ക് പുനർനിയമിക്കാനുള്ള 2002 ലെ ഹൈക്കോടതി വിധിയും നിലനിൽക്കുന്നുണ്ട്. അതിനിടെ 500 ലധികം ജീവനക്കാർ വിരമിക്കുകയും കൂടി ചെയ്തതോടെ സൃഷ്ടിക്കപ്പെട്ടത് ഒട്ടേറെ ഒഴിവുകളാണ്.
കോടതി വിധിയനുസരിച്ച്, ഈ ഒഴിവുകളിലേക്ക് പരിഗണന അർഹിക്കുന്ന യോഗ്യരായ 100 ൽ അധികം തൊഴിലാളികൾ പടിക്ക് പുറത്ത് നിൽക്കുമ്പോഴാണ് മാനോജ്മെന്റ് പുതിയ നിയമനങ്ങള്‍ക്ക് അവസരം നല്‍കാതെ, കുടുംബശ്രീ തൊഴിലാളികളെക്കൊണ്ടും അതിഥി തൊഴിലാളികളെക്കൊണ്ടും സ്ഥാപനം നടത്തിക്കുന്നത്. ഈക്കാര്യം ചൂണ്ടിക്കാട്ടി പിരിച്ചുവിടപ്പെട്ട ജീവനക്കാർ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് പുനർനിയമനം സംബന്ധിച്ച് തീരുമാനമുണ്ടാക്കാൻ മാർച്ച് 15ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഒഴിവുകൾ ഇല്ലെന്ന് അറിയിക്കാനാണ് മാനേജ്‌മെന്റ് വിരമിക്കല്‍ പ്രായം കൂട്ടുന്നത്.
ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഈ സ്ഥാപനമിപ്പോൾ നാഥനില്ലാ കളരിയാണ്. താത്കാലികമായി നിയമിക്കപ്പെട്ട മാനോജിംഗ് ഡയറക്ടർ, യൂണിയൻ നേതാക്കളുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നവെന്ന ആക്ഷേപവുമുണ്ട്. ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന ഈ സ്ഥാപനത്തിലെ പ്രിന്റിംഗ് ജോലികൾ പോലും സ്വകാര്യപ്രസുകള്‍ക്ക് മറിച്ച് കൊടുത്ത് കമ്മീഷന്‍ കൈപ്പറ്റുന്നവരും വിരിക്കൽ നീട്ടി ലഭിക്കാൻ കാത്തിരിക്കുന്നവരുടെ പട്ടികയിലുണ്ട്. അവരാണ് മാനോജിംഗ് ഡയറക്ടർക്ക് ചുറ്റും നിലകൊള്ളുന്നതെന്ന് പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ ആരോപിക്കുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.