തെരഞ്ഞെടുപ്പ് ചൂടിലേക്ക് ചെങ്ങന്നൂര്‍

  

Last Updated : Mar 9, 2018, 08:53 AM IST
തെരഞ്ഞെടുപ്പ് ചൂടിലേക്ക് ചെങ്ങന്നൂര്‍

ആലപ്പുഴ: മൂന്ന് മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കേരളം വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്.  2016-ല്‍ ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമായിരുന്നു ഇവിടെ.  അതികൊണ്ടുതന്നെ കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളേയാണ് മൂന്ന് മുന്നണികളും ചെങ്ങന്നൂരില്‍ മത്സരത്തിനിറക്കുന്നത്. 

സിറ്റിംഗ് എംഎല്‍എ രാമചന്ദ്രനായരുടെ അകാലമരണത്തോടെയാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.  യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ഡി. വിജയകുമാര്‍, എല്‍ഡിഎഫിനായി സജി ചെറിയാന്‍, എന്‍ഡിഎയ്ക്കായി പി.എസ്. ശ്രീധരന്‍പിള്ളയുമാണ് മത്സരരംഗത്ത്.  

ഇന്നലെ രാത്രിയോടെ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസനും ചേര്‍ന്ന് ഡി. വിജയകുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ഹൈന്ദവ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ നിരീക്ഷണം. 

സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാത്തതിനാല്‍ മറ്റ് മുന്നണികളെ അപേക്ഷിച്ച് കോണ്‍ഗസിന്‍റെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് വ്യാഴഴ്ച്ച രാത്രിയോടെ നേതാക്കള്‍ തിരക്കിട്ട ചര്‍ച്ച നടത്തി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസനും ഇന്ന് ചെങ്ങന്നൂരിലെത്തുന്നുണ്ട്. ഉച്ചക്ക് 3 മണിക്ക് ചേരുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. 

ശ്രീധരന്‍പ്പിള്ളയെ രംഗത്തിറക്കി കൊണ്ട് ബിജെപിയാണ് ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം തുടക്കം കുറിച്ചത്. അതിന് പിന്നാലെ സജി മണ്ഡലം പിടിക്കാന്‍ ചെറിയാനെ എല്‍ഡിഎഫും നിശ്ചയിച്ചു.

Trending News