തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുലര്‍ച്ചെ 04:40ന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ഏകദേശം 3 ആഴ്ചയോളം അദേഹം അമേരിക്കയില്‍ ചികിത്സയില്‍ ആയിരിക്കുമെന്നാണ് സൂചന.
മുന്‍പ് നല്‍കിയിരുന്ന സൂചന അനുസരിച്ച് മുഖ്യമന്ത്രി തിങ്കളാഴ്‌ച്ചയായിരുന്നു യാത്രയാവേണ്ടിയിരുന്നത്. എന്നാല്‍ ഇന്നത്തെ യാത്ര അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ക്ക് പോലും ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല. യാത്ര അയപ്പും മാധ്യമ ബഹളവും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പുറത്താരെയും അറിയിക്കാതെയാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ആഗസ്റ്റ് 19ന് പുലര്‍ച്ചെ നിശ്ചയിച്ച യാത്രയാണ് പ്രളയ ദുരന്തം മൂലം മാറ്റിയത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ക്ലിഫ് ഹൗസില്‍ നിന്നും അദ്ദേഹം യാത്ര പുറപ്പെടുമ്പോഴാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ പോലും വിവരം അറിയുന്നത്. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പമുണ്ട്. മുഖ്യമന്ത്രിയെ യാത്രയയക്കാന്‍ എയര്‍പ്പോട്ടില്‍ ഡിജിപി ലോക്നാഥ് ബഹ്റ എത്തിയിരുന്നു.
മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുന്നത്. പ്രമേഹം, നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്കുള്ള ചികിത്സയില്‍ പ്രമുഖ സ്ഥാനത്തുള്ള സ്ഥാപനമാണ് മയോ ക്ലിനിക്ക്.
എന്നാല്‍, മുഖ്യമന്ത്രിയുടെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് കൈമാറിയിട്ടില്ല. അദ്ദേഹം അമേരിക്കയിലെ ആശുപത്രിയിലിരുന്നു കേരളത്തിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് സൂചന. എന്നാല്‍ ഇതിനിടെയില്‍ മന്ത്രിസഭാ യോഗങ്ങള്‍ നടക്കുന്നതിനാല്‍ അതിന്‍റെ അദ്ധ്യക്ഷനാവുക വ്യവസായ മന്ത്രിയായ ഇ.പി.ജയരാജനായിരിക്കും. ഇദ്ദേഹം മുഖേനയായിരിക്കും പ്രധാനപ്പെട്ട ഫയലുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുക.
യാത്രയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യാത്രസംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിക്കാനായിരുന്നു ഇത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പ്രളയബാധിതരുടെ പുനരധിവാസത്തിനുമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.