പൊലീസ് വീഴ്ചകളെക്കുറിച്ച് ഫേസ്ബുക്കിലൂടെയല്ലാതുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം: 5 കാര്യങ്ങള്‍

മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൊലീസ് വീഴ്ചകളെക്കുറിച്ച് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രതികരിച്ചത്.

Last Updated : Apr 24, 2018, 01:29 PM IST
പൊലീസ് വീഴ്ചകളെക്കുറിച്ച് ഫേസ്ബുക്കിലൂടെയല്ലാതുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം: 5 കാര്യങ്ങള്‍

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം വരാപ്പുഴയിലെ കസ്റ്റഡി മരണം അപ്രഖ്യാപിത ഹര്‍ത്താല്‍ എന്നിവയെക്കുറിച്ച് ഫേസ്ബുക്കിലൂടെയല്ലാതുള്ള ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൊലീസ് വീഴ്ചകളെക്കുറിച്ച് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രതികരിച്ചത്.

ലിഗയ്ക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്തു

ലാത്വിയയില്‍ നിന്ന് കേരളത്തിലെത്തിയ വിദേശ വനിത ലിഗയെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ. 'ലിഗയുടെ ബന്ധുക്കള്‍ തന്നെ കാണാന്‍ ശ്രമിച്ചിട്ടും കാണാതെ പോയി എന്നത് ശരിയല്ല. കുടുംബത്തെ കാണുന്നതില്‍ ഒരു തടസവുമുണ്ടായിരുന്നില്ല. സാധ്യമായതെല്ലാം അപ്പോള്‍ തന്നെ ചെയ്തു...' മുഖ്യമന്ത്രി പറഞ്ഞു.

വാട്ട്സ്ആപ്പ് ഹര്‍ത്താലിന് പിന്നില്‍ ആര്‍എസ്എസ്

സാമൂഹിക മാധ്യമത്തിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. വര്‍ഗ്ഗീയ തീവ്രവാദ സംഘടനകള്‍ വടക്കന്‍ കേരളത്തില്‍ അഴിഞ്ഞാടുകയും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരുടെ വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും കേടു വരുത്തുകയും ചെയ്ത സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘപരിവാര്‍ സംഘടനയില്‍പ്പെട്ട അമര്‍നാഥിനെ ഉള്‍പ്പടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കമ്മിഷന്‍ കമ്മിഷന്‍റെ പണിയെടുത്താല്‍ മതി

വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹനദാസിനെ രൂക്ഷമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചത്. 

മനുഷ്യാവകാശ കമ്മിഷന്‍ കമ്മിഷന്‍റെ പണിയെടുത്താല്‍ മതിയെന്നും എന്തും വിളിച്ചു പറയാമെന്നുള്ള ധാരണ ശരിയല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അന്വേഷണം ഫലപ്രദമല്ലെന്ന കമ്മിഷന്‍റെ പ്രസ്താവന അപക്വമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ശ്രീജിത്തിന്‍റെ മരണം ദൗര്‍ഭാഗ്യകരം

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ മരണം ദൗര്‍ഭാഗ്യകരമാണെന്ന് പിണറായി സൂചിപ്പിച്ചു. 'പൊലീസിലെ മൂന്നാംമുറ ഒരു തരത്തിലും അംഗീകരിക്കില്ല. ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കാലതാമാസമുണ്ടാകില്ല...' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടല്‍ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ

കടല്‍ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കാനും തീരുമാനമായി. വീടുകള്‍ക്ക് കേടുപാട് പറ്റിയവര്‍ക്ക് 50,000 രൂപയും നല്‍കാന്‍ ധാരണയായി. ചെറിയ കേടുപാട് പറ്റിയവര്‍ക്ക് 25, 000 രൂപയും അനുവദിക്കും.

Trending News