പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.
റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് 52 വയസുള്ള സ്ത്രീയെ ഒരു സംഘം ആളുകൾ അക്രമിച്ചതിലെ ഗൂഢാലോചനക്കാണ് കെ. സുരേന്ദ്രനെ പ്രതിചേർത്തിരുന്നത്.
കൂടാതെ, പൊലീസിന് കൊട്ടാരക്കര സബ്ജയിലിലെത്തി കെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്‍റെ ആവശ്യത്തില്‍ കോടതി സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട് തേടി.
അതേസമയം, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ജയില്‍ സൂപ്രണ്ടിന്‍റെ സാന്നിധ്യത്തില്‍ ഇന്നുതന്നെ പമ്പ പൊലീസിന് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാം. വൈകിട്ട് ഏഴുമണിക്കു മുന്‍പ് ചോദ്യംചെയ്യണം. ജയിലിലെ ടെലിഫോണ്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ സുരേന്ദ്രനു സൂപ്രണ്ടിന്‍റെ സാന്നിധ്യത്തില്‍ കുടുംബത്തെ വിളിക്കാമെന്നും കോടതി വ്യക്തമാക്കി.
സുപ്രീംകോടതിവിധി പരസ്യമായി ലംഘിക്കുകയാണ് കെ സുരേന്ദ്രന്‍ ചെയ്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. സുരേന്ദ്രനെ പങ്കാളിത്തം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കെ സുരേന്ദ്രനെ കുടുക്കുന്നതിനായി സന്നിധാനം കേസില്‍ പതിമൂന്നാം പ്രതിയായി കൂട്ടിച്ചേര്‍ക്കുകയാണ് ഉണ്ടായതെന്ന് പ്രതിഭാഗം വാദിച്ചു. അസ്വാഭാവിക മരണക്കേസ് ഉള്‍പ്പെടെ സുരേന്ദ്രനെതിരെ ചുമത്തിയിട്ടുണ്ടെന്നും പ്രതിഭാഗം പറഞ്ഞു.
അതേസമയം, ജയില്‍മാറ്റം സംബന്ധിച്ച് കോടതി തിങ്കളാഴ്ച തീരുമാനമെടുക്കും.