ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ 48 മണിക്കൂര്‍ റിമാന്‍ഡിലായാല്‍ പ്രത്യേകിച്ച് ഉത്തരവില്ലെങ്കില്‍ത്തന്നെ സസ്‌പെന്‍ഷനിലാവുമെന്നാണ് ചട്ടം.  

Last Updated : Aug 5, 2019, 08:42 AM IST
ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 

തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായര്‍ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഹാജരാകുമെന്നാണ് വിവരം.

അതേസമയം ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തതായുള്ള ഉത്തരവ് ഇന്നിറങ്ങും എന്നാണ് സൂചന. റിമാന്‍ഡിലായ ഉദ്യോഗസ്ഥനെ സര്‍വീസ് ചട്ടമനുസരിച്ച് 24 മണിക്കൂറിനകം സസ്പെന്‍ഡ്‌ ചെയ്യണമെന്നാണ്. 

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ 48 മണിക്കൂര്‍ റിമാന്‍ഡിലായാല്‍ പ്രത്യേകിച്ച് ഉത്തരവില്ലെങ്കില്‍ത്തന്നെ സസ്‌പെന്‍ഷനിലാവുമെന്നാണ് ചട്ടം. പിന്നീട് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ് വേണം. ശ്രീറാമിനെ റിമാന്‍ഡുചെയ്തത് ശനിയാഴ്ച രാത്രിയോടെയാണ്.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറി ടോം ജോസിന് കൈമാറി. തിങ്കളാഴ്ച മുഖ്യമന്ത്രി പരിശോധിക്കും.

അതേസമയം ശ്രീറാമിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്താനായില്ലെന്ന മെഡിക്കല്‍ പരിശോധനാ ഫലം ഇന്ന് ഔദ്യോഗികമായി പുറത്തുവരും. അപകടമുണ്ടായി ഏതാണ്ട് 9 മണിക്കൂര്‍ കഴിഞ്ഞാണ് ശ്രീറാമിന്‍റെ രക്തം പരിശോധിക്കാനെടുത്തത്. 

സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്‍റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ മെഡിക്കൽ വിദഗ്‍ധർ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 

അപകടം കഴിഞ്ഞ് അധികം വൈകാതെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിന് മദ്യത്തിന്‍റെ സാന്നിധ്യം രക്തത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള മരുന്ന് നല്‍കിയിരുന്നോ എന്ന സംശയവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. 

അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന മനപൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിന്‍റെ പേരില്‍ നിലനില്‍ക്കുന്ന കുറ്റമെന്നാണ് സൂചന.

Trending News