തോമസ് ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

  

Last Updated : Jan 4, 2018, 12:05 PM IST
തോമസ് ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: നിലം നികത്തി റോഡ് പണിത കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍‍ട്ട് പരിശോധിച്ച കോട്ടയം വിജിലന്‍സ് കോടതിയുടെയാണ് ഉത്തരവ്. തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കണമെന്ന് നേരത്തെ ത്വരതാന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു.

കോട്ടയം വിജിലന്‍സ് എസ്.പിയാണ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിതത് പാടം നികത്തിയാണെന്നാണ് ത്വരിതാന്വേഷണത്തിലെയും കണ്ടെത്തല്‍. ഇതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്നും കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം നടത്തണമെന്നും വിജിലന്‍സ് എസ്‍പി ശുപാര്‍ശ ചെയ്യുന്നു. 

വിജിലന്‍സ് മേധാവികൂടിയായ ലോക്നാഥ് ബെഹ്റ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയത്. വലിയകുളം - സീറോ ജെട്ടി റോഡ് നിര്‍മ്മിച്ചത് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന്‍റെ 28 ലക്ഷം രൂപയും രണ്ട് എംപിമാരുടെ ഫണ്ടില്‍നിന്നായി 25 ലക്ഷം രൂപയും ഉപയോഗിച്ചായിരുന്നു. സമീപത്തെ നിരവധി വീട്ടുകാര്‍ക്ക് പ്രയോജനം ചെയ്യുന്ന റോഡ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തോമസ് ചാണ്ടി ഫണ്ട് അനുവദിപ്പിച്ചത്.  എന്നാല്‍ റോഡ് ഉപകാരപ്പെടുന്നത് ലേക് പാലസ് റിസോര്‍ട്ടിന് മാത്രവും. ജനതാദള്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന അഡ്വ. സുഭാഷാണ് തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Trending News