കണ്ണൂർ: സി പി എം 23ാം പാർട്ടി സമ്മേളനത്തിന്റെ സെമിനാറിൽ പങ്കെടുക്കാൻ, പാർട്ടി വിലക്ക് ലംഘിച്ചെത്തിയ കോൺഗ്രസ് നേതാവ് കെ വി തോമസിന് കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വീകരണമൊരുക്കി സി പി എം. പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും നൂറ് കണക്കിന് പ്രവർത്തകരും കെ വി തോമസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. എം വി ജയരാജൻ ചുവന്ന ഷാൾ അണിയിച്ച് കെ വി തോമസിനെ സ്വീകരിച്ചു.
ഹർഷാരവത്തോടെയാണ് എം വി ജയരാജനൊപ്പം വിമാനത്താവളത്തിന് പുറത്തെത്തിയ കെ വി തോമസിനെ സി പി എം പ്രവർത്തകർ സ്വീകരിച്ചത്. തനിക്ക് പറയാനുള്ളതെല്ലാം പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ താൻ പറയുമെന്ന് കെ വി തോമസ് വ്യക്തമാക്കി.
ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാൾ ആണെന്ന് നിറത്തെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. വീട്ടിൽ താമര നട്ടപ്പോൾ ബിജെപിയിലേക്ക് പോകുന്നെന്നായിരുന്നു പ്രചാരണം. സുഹൃത്ത് എന്ന നിലയിലാണ് ജയരാജൻ ഷാൾ അണിയിച്ചതെന്ന് ചുവന്ന ഷാൾ സ്ഥിരമാക്കുമോയെന്ന ചോദ്യത്തോട് കെ വി തോമസ് മറുപടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...