CPM: ഇടഞ്ഞു നില്‍ക്കുന്നവര്‍ക്ക് സ്വാഗതം..!! കേരളത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ സിപിഎം

  കോണ്‍ഗ്രസില്‍ നിന്നും  നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുമ്പോള്‍, തങ്ങളുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അത് അവസരമായി കാണുകയാണ്  മറ്റു പാര്‍ട്ടികള്‍...  

Written by - Zee Malayalam News Desk | Last Updated : Sep 15, 2021, 02:45 PM IST
  • കോണ്‍ഗ്രസ്‌ വിടുന്ന നേതാക്കളെ ഇരുകൈകളും നീട്ടി സ്വീകരിയ്ക്കുകയാണ് CPM.
  • കോണ്‍ഗ്രസ് വിടുന്ന നേതാക്കളെ കൂടെകൂട്ടാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം കൈക്കൊണ്ടിരിയ്ക്കുകയാണ്.
  • കേരളത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനുള്ള ഒരവസരവും വിട്ടുകളയരുതെന്നാണ് സിപിഎം തീരുമാനം.
CPM: ഇടഞ്ഞു നില്‍ക്കുന്നവര്‍ക്ക് സ്വാഗതം..!! കേരളത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ സിപിഎം

തിരുവനന്തപുരം:  കോണ്‍ഗ്രസില്‍ നിന്നും  നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുമ്പോള്‍, തങ്ങളുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അത് അവസരമായി കാണുകയാണ്  മറ്റു പാര്‍ട്ടികള്‍...  

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള  പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കള്‍  പാര്‍ട്ടി വിട്ടു പോകുന്നത് പതിവാണ് എങ്കിലും കേരളത്തില്‍ അത് ദുര്‍ലഭമായ കാഴ്ച യായിരുന്നു. എന്നാല്‍,  ഇപ്പോള്‍  അത്  കേരളത്തിലും ആരംഭിച്ചിരിയ്ക്കുകയാണ്. 

എന്നാല്‍, കോണ്‍ഗ്രസ്‌ വിടുന്ന നേതാക്കളെ ഇരുകൈകളും നീട്ടി സ്വീകരിയ്ക്കുകയാണ്  CPM.  കോണ്‍ഗ്രസ് വിടുന്ന നേതാക്കളെ കൂടെകൂട്ടാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്  തീരുമാനം കൈക്കൊണ്ടിരിയ്ക്കുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ്  അടുത്തിടെ  കോണ്‍ഗ്രസ്‌ വിട്ട  കെ.പി.അനില്‍കുമാറിനെ (KP Anil Kumar) സിപിഎമ്മിലെത്തിച്ചത്. 

എന്നാല്‍, പാര്‍ട്ടിയില്‍ എത്തുന്നവര്‍ക്ക് ഉടനെതന്നെ അധികാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ട.... ഇങ്ങനെയെത്തുന്നവര്‍ക്ക് തുടക്കത്തില്‍ പാര്‍ട്ടി അംഗത്വമോ ഘടകമോ നല്‍കില്ല. പി.എസ്.പ്രശാന്തിനും കെ.പി.അനില്‍കുമാറിനും ഇതുവരെ CPM അംഗത്വം നല്‍കിയിട്ടില്ല.

കൂടാതെ, കേരളത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനുള്ള ഒരവസരവും വിട്ടുകളയരുതെന്നാണ് സിപിഎം തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കോണ്‍ഗ്രസിലെ സംഭവ വികാസങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസ് വിടുന്നവരില്‍നിന്നും ഇടഞ്ഞു നില്‍ക്കുന്നവരില്‍നിന്നും അനുയോജ്യരായവരെ പരമാവധി സിപിഎമ്മിലേക്ക് ആകര്‍ഷിക്കണമെന്നാണ് സെക്രട്ടേറിയറ്റ് എടുത്ത തീരുമാനം.

എന്നാല്‍, കോണ്‍ഗ്രസ്‌ വിട്ട് വരുന്നവരെ  നേരിട്ട് പാര്‍ട്ടി അംഗത്വത്തിലേക്കു കൊണ്ടുവരില്ല. പാര്‍ട്ടി സ്ഥാനങ്ങളും ഉടന്‍ നല്‍കില്ല. പകരം വര്‍ഗബഹുജന സംഘടനകളില്‍ ഉള്‍പ്പെടുത്തും. കോണ്‍ഗ്രസ് വിട്ടുവരുന്നവരുടെ താല്‍പര്യം കൂടി പരിഗണിച്ച് ട്രേഡ് യൂണിയനുകള്‍, കര്‍ഷക സംഘം, യുവജന സംഘടനകള്‍ തുടങ്ങിയവയില്‍ സ്ഥാനം നല്‍കും. പുറമെ പാര്‍ലമെന്‍ററി സ്ഥാനങ്ങളിലേക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലപ്പത്തേക്കും അവസരമുണ്ടാകുമ്പോള്‍ പരിഗണിക്കും.

സിപിഎമ്മിലേക്ക് വരാന്‍ സന്നദ്ധരായുള്ളവരെ ഇക്കാര്യം ആദ്യമേ ബോധ്യപ്പെടുത്തും. പീലിപ്പോസ് തോമസിനെ കെഎസ്എഫ്ഇ ചെയര്‍മാനാക്കിയത് സമീപകാല ഉദാഹരണമാണ്. 

Also Read: KP AnilKumar Resignation: അനിൽകുമാർ വിട്ടുപോയതിൽ പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല: വി‍.ഡി സതീശൻ

സിപിഎമ്മിനൊപ്പമെത്തിയ നേതാക്കള്‍ക്ക് വെറുതെ നില്‍ക്കേണ്ട സാഹചര്യമുണ്ടാക്കരുതെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.  

ഇതു കൂടുതല്‍ പേരെ സിപിഎമ്മിലേക്ക് ആകര്‍ഷിക്കാൻ ഉതകുമെന്നാണ് വിലയിരുത്തല്‍.   താല്‍പര്യം പ്രകടിപ്പിക്കുന്ന എല്ലാവര്‍ക്കും പരിഗണന നല്‍കേണ്ടതില്ല. സിപിഎമ്മുമായി യോജിച്ചു പോകുമോ എന്നതിനാണ് പ്രഥമ പരിഗണന. എന്നാല്‍ നേതാക്കളുടെ പിന്നാലെ പോയി സിപിഎമ്മിലേക്ക് ആകര്‍ഷിക്കേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

Also Read: Kp Anilkumar to Cpm| കെ.പി അനിൽകുമാറിന് സി.പി.എമ്മിൽ ഉജ്ജ്വല സ്വീകരണം,ഷാളണിയിച്ച് സ്വീകരിച്ച് കൊടിയേരി ബാലകൃഷ്ണൻ

അതേസമയം, തനിക്ക് കിട്ടുന്നത് തികച്ചും വ്യത്യസ്ഥമായ അനുഭവമെന്നാണ്  കഴിഞ്ഞ ദിവസം CPM ല്‍ എത്തിയ  കെ പി അനിൽകുമാർ അഭിപ്രായപ്പെട്ടത്.  പാർട്ടി ഏൽപിക്കുന്ന ചുമതല ആത്മാർത്ഥമായി നിർവ്വഹിക്കും. കോൺഗ്രസിന് ഇപ്പോൾ കാഴ്ചക്കാരന്‍റെ റോൾ മാത്രമാണ്. ഡി സി സി പ്രസിഡണ്ടുമാരെ നിയന്ത്രിച്ചിരുന്ന താൻ ഒരു ഡി സി സി പ്രസിഡണ്ട് സ്ഥാനത്തിനായി വാശി പിടിക്കുമോയെന്നും കെ പി അനിൽ കുമാർ ചോദിച്ചു.

സിപിഎമ്മിൽ ചേർന്ന ശേഷം കോഴിക്കോട് എത്തിയ കെ പി അനിൽകുമാറിന് ജില്ല സെക്രട്ടറി പി മോഹനന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News