പത്തനംതിട്ട: പമ്പയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ദളിത് ആക്ടിവിസ്റ്റ് അമ്മിണിയും ശബരിമല യാത്രയില്‍ നിന്ന് പിന്മാറി.
ശബരിമല ദര്‍ശനത്തിനായി കോട്ടയത്ത് നിന്നും ഇന്ന് രാവിലെയോടെയാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ അമ്മിണി എരുമേലിയില്‍ എത്തിയത്.
ഇവിടെ നിന്നും എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് മാറിയ അമ്മിണിയെ പൊലീസ് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യാത്രയില്‍ നിന്നും പിന്മാറുന്നതായി അമ്മിണി അറിയിച്ചത്.
എന്നാല്‍, അമ്മിണിയുള്ള എരുമേലി സ്റ്റേഷന്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇതിനോടകം വളഞ്ഞിരിക്കുകയാണ്.
ഞായറാഴ്ച രാവിലെ അഞ്ച് മണിക്കൂറോളം നേരം പമ്പയിലുണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ മനിതി പ്രവര്‍ത്തകരുടെ രണ്ടാം സംഘത്തേയും ഉത്തരേന്ത്യയില്‍ നിന്നുമുള്ള വനിതകളെയും മല കയറാന്‍ പൊലീസ് അനുവദിച്ചേക്കില്ല എന്നാണ് സൂചന.
നാല്‍പത് പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ഇതില്‍ അഞ്ചു പേര്‍ അമ്പത് വയസ് കഴിഞ്ഞവരാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. സംഘത്തെ മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഈ നീക്കം പൊളിക്കുകയും ചെയ്തിരുന്നു.
മനിതി അംഗങ്ങള്‍ കുമളി കമ്പംമേട് വഴി എത്തുമെന്ന സൂചനയെ തുടര്‍ന്ന് ഈ പാതയില്‍ ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.
എന്നാല്‍ കമ്പംമേട്, കട്ടപ്പന, കുട്ടിക്കാനം, മുണ്ടക്കയം വഴിയാണ് സംഘം നീങ്ങിയത്. പലസംഘങ്ങളായി തിരിഞ്ഞായിരുന്നു യാത്ര.
നിലയ്ക്കല്‍ വരെ പൊലീസ് മനിതി സംഘത്തെ അനുഗമിക്കുമെന്നും അവിടെ നിന്നും അവര്‍ സ്വന്തം നിലയില്‍ തിരിച്ചു പോകുമെന്നുമാണ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചത്.
അതേസമയം, മനിതി സംഘത്തിലെ കൂടുതല്‍ പേര്‍ ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലില്‍ എത്തിയിട്ടുണ്ടെന്നും അല്‍പസമയത്തിനകം ഇവര്‍ പമ്പയിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.