സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു

ഇന്നലെ വൈകിട്ട് മുതല്‍തന്നെ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ പലയിടത്തും മഴയുടെ ശക്തി കുറഞ്ഞിരുന്നു. 

Last Updated : Aug 11, 2019, 07:49 AM IST
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചിരിക്കുന്നത്. 

മലപ്പുറത്ത് 19 പേരുടെ ജീവനാണ് കനത്ത മഴ കാരണം നഷ്ടപ്പെട്ടത്. കോഴിക്കോട് 14 ഉം, വയനാട് 10, കണ്ണൂര്‍ 5, ഇടുക്കി 4, തൃശ്ശൂര്‍ 3, ആലപ്പുഴ 2 എന്നിങ്ങനെയാണ് ഓരോ ജില്ലയിലേയും മരണ സംഖ്യ.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. സംസ്ഥാനമൊട്ടാകെ 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,400 കുടുംബങ്ങളിലെ 1,65,519 പേരാണ് കഴിയുന്നത്.

ശക്തമായ മഴയിലും, കാറ്റിലും, മലവെള്ളപാച്ചിലിലും, വെള്ളക്കെട്ടിലും പെട്ട് സംസ്ഥാനത്താകെ 198 വീടുകള്‍ പൂര്‍ണ്ണമായും 2303 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിശദീകരണം. കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് മൂലം  കേരളത്തില്‍ മഴ ശക്തമാകില്ലെന്നാണ് വിലയിരുത്തല്‍ എന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നലെ വൈകിട്ട് മുതല്‍തന്നെ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ പലയിടത്തും മഴയുടെ ശക്തി കുറഞ്ഞിരുന്നു. വെള്ളത്തില്‍ മുങ്ങിയിരുന്ന നിലമ്പൂരിലെ പല പ്രദേശങ്ങളിലും ഇന്നലെ രാതിയോടെ വെള്ളമിറങ്ങി തുടങ്ങി.

കനത്തമഴയില്‍ നാശനഷ്ടമുണ്ടായ വയനാട്ടിലും ഇന്ന് രാവിലെ തെളിഞ്ഞ ആകാശമാണ്.  ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ ഇന്നും രക്ഷാപ്രവര്‍ത്തനം തുടരും. ഇനി ഒമ്പതുപേരെ ഇവിടെനിന്ന് കണ്ടെടുക്കാനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 

Trending News