തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും മഹത്തായ കായിക താരങ്ങളിൽ ഒരാളായ ഒളിമ്പ്യൻ പിടി ഉഷയുടെ യോഗ്യത അളക്കാൻ ശ്രമിച്ചത് വഴി രാജ്യത്തിന്റെ കായികമേഖലയെയും രാജ്യത്തിന്റെ അഭിമാനത്തേയുമാണ് എളമരം കരീം എംപി അപമാനിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പിടി ഉഷ ഭാരതത്തിന് നൽകുന്ന സംഭാവന വിലപ്പെട്ടതാണ്. പല അന്താരാഷ്ട്ര മത്സര വേദികളിലും ഇന്ത്യൻ ദേശീയപതാക വിജയക്കൊടിയായി പറിച്ച രാജ്യത്തിന്റെ അഭിമാനമാണ് അവരെന്നും സുരേന്ദ്രൻ പറഞ്ഞു.
രാജ്യത്തിന് വേണ്ടി ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ച പി.ടി ഉഷയുടെ രാജ്യസഭാംഗത്വത്തെ അവഹേളിക്കാൻ രാജ്യദ്രോഹികൾക്ക് മാത്രമേ കഴിയൂ. കേവലം സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ കായിക പ്രതിഭയെ അപമാനിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ലെന്ന് കരീം മനസിലാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയേയും ദേശീയ ഹീറോകളെയും അപമാനിക്കുന്നത് സിപിഎം നേതാക്കൾ പതിവാക്കിയിരിക്കുകയാണ്. തുടർഭരണത്തിന്റെ ഹുങ്കിൽ മാർകിസ്റ്റുകാർ അസഹിഷ്ണുതയുടെ വക്താക്കളായി മാറി കഴിഞ്ഞുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ALSO READ: പി ടി ഉഷയ്ക്കും ഇളയരാജയ്ക്കും ആശംസകളുമായി മോഹൻലാലും മമ്മൂട്ടിയും
കഴിഞ്ഞ ദിവസം നിയമസഭയിൽ സിപിഎം എംഎൽഎ അംബേദ്ക്കറിനെ അപമാനിച്ചത് കേരളം കണ്ടതാണ്. ചങ്കിൽ ചൈനയെ കൊണ്ട് നടക്കുന്നത് കൊണ്ടാണ് സിപിഎം നേതാക്കൾ ഇങ്ങനെ സ്വയം അപഹാസ്യരായി മാറുന്നത്. എളമരം കരീമിന്റെ യോഗ്യത എന്താണെന്ന് കോഴിക്കോട്ടുകാർക്ക് വ്യക്തമായി അറിയാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
തെന്നിന്ത്യയിലെ സംഗീതസംവിധായകനും, ഗായകനും, ഗാന രചയിതാവുമായ ഇളയരാജയേയും ട്രാക്കിൽ രാജ്യത്തിന്‍റെ അഭിമാനമായി തിളങ്ങിയ പ്രശസ്ത കായികതാരം പി ടി ഉഷയേയും ജൂലൈ 6 നാണ് രാജ്യസഭ അംഗങ്ങളായി പുതുതായി നാമനിർദ്ദേശം ചെയ്തത്. പിടി ഉഷയുടെ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശം പ്രധാനമന്ത്രിയാണ് അറിയിച്ചത്. ട്വിറ്ററിൽ പിടി ഉഷയ്ക്കൊപ്പമുള്ള തന്‍റെ ചിത്രത്തോടൊപ്പമാണ് പ്രധാനമന്ത്രി ഈ വാര്‍ത്ത പങ്കുവച്ചത്. എല്ലാ ഭാരതീയര്‍ക്കും പ്രചോദനമാണ് പിടി ഉഷ എന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു. ബിജെപിയാണ് പിടി ഉഷയ്ക്ക് രാജ്യസഭയിലേക്കുള്ള വഴിയൊരുക്കിയത്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി പിടി ഉഷ സത്യപ്രതിജ്ഞ ചെയ്യും. പി ടി ഉഷയ്ക്കും ഇളയരാജയ്ക്കും ഒപ്പം വി വിജയേന്ദ്ര പ്രസാദ്, വീരേന്ദ്ര ഹെഗ്ഡെ എന്നിവരും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...