Kerala High Court: വ്യാജ ലഹരി കേസ്; ഷീലാ സണ്ണിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കി ഹൈക്കോടതി

ഷീലയ്ക്കെതിരെ കേസെടുത്ത എക്സൈസ് ഇന്‍സ്പക്ടര്‍ കെ. സതീശന്‍റെ മൊഴിയും മഹസ്സര്‍ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 5, 2023, 02:00 PM IST
  • എഫ്ഐആർ റദ്ദാക്കിയതോടെ ഒടുവിൽ ഷീല സണ്ണിക്ക് നീതി ലഭിച്ചിരിക്കുകയാണ്.
  • കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി കോടതിയെ സമീപിച്ചിരുന്നു.
  • ഈ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്.
Kerala High Court: വ്യാജ ലഹരി കേസ്; ഷീലാ സണ്ണിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയ്ക്കെതിരെ ചുമത്തിയ വ്യാജ ലഹരി കേസ് റദ്ദാക്കി ഹൈക്കോടതി. എഫ്ഐആർ റദ്ദാക്കിയതോടെ ഒടുവിൽ ഷീല സണ്ണിക്ക് നീതി ലഭിച്ചിരിക്കുകയാണ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. കേസ് റദ്ദാക്കിയതോടെ ഇവർക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും. അതിനിടെ ഷീലയ്ക്കെതിരെ കേസെടുത്ത എക്സൈസ് ഇന്‍സ്പക്ടര്‍ കെ. സതീശന്‍റെ മൊഴിയും മഹസ്സര്‍ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്ന വിവരവും പുറത്തുവന്നു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഷീല സണ്ണിയെ അറസ്റ്റ് ചെയ്തതെന്നാണ് സതീശന്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ സ്കൂട്ടറില്‍ നിന്നിറങ്ങിയ ഷീലയെ തടഞ്ഞു നിര്‍ത്തി പിടികൂടുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇക്കാര്യങ്ങളൊക്കെ എക്സൈസ് ക്രൈംബ്രാഞ്ച് പരിശോധിക്കും. തന്റെ ഔദ്യോ​ഗിക ഫോൺ കൊച്ചിയിലെ അന്വേഷണ സംഘത്തിന് മുന്നില്‍ സതീശന്‍ ഹാജരാക്കിയിട്ടുണ്ട്. വിശദ പരിശോധനയ്ക്കായി പോലീസ് ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറും. അതിനിടെ ഷീലയ്ക്ക് വീണ്ടും ബ്യൂട്ടി പാര്‍ലർ തുറക്കാനുള്ള സഹായ വാഗ്ദാനവുമായി മലപ്പുറം കൽപകഞ്ചേരി ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള തണൽ സംഘടന മുന്നോട്ടുവന്നു.

Also Read: Fake drug Case: വ്യാജ ലഹരിക്കേസിൽ ബ്യൂട്ടി പാർലർ ഉടമയെ കുടുക്കിയ സംഭവം; ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

 

അതേസമയം ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ ആണ് സതീശൻ. വ്യാജ കേസുണ്ടാക്കാൻ ഇൻസ്പെക്ടർ കൂട്ടുനിന്നുവെന്നതാണ് കുറ്റം. എക്സൈസ് കമ്മീഷണറാണ് സസ്പെൻഷൻ ഉത്തരവിട്ടത്. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് ശേഷം ഇയാൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും.

ഷീലയുടെ ബാഗിൽ നിന്നും കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വ്യാജ ലഹരിക്കേസിൽ ഷീലയെ പ്രതിയാക്കി 72 ദിവസം ജയിലിലടച്ചിരുന്നു. സംഭവത്തിൽ തൃശൂർ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്നും 12 എൽഎസ്ഡി സ്റ്റാംപുകൾ പിടികൂടിയതായി ചാലക്കുടിയിലെ എക്സൈസ് ഓഫീസ് വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. പിന്നീട് വിദഗ്ധ പരിശോധന ഫലം പുറത്തു വന്നപ്പോഴാണ് പിടികൂടിയത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News