തൃശ്ശൂർ: പേനകൾക്ക് അസുഖം വന്നാൽ ചികിത്സിക്കാനുമൊരു ആശുപത്രിയുണ്ട് തൃശ്ശൂരിൽ.ഡോ. എ പി ജെ അബ്‌ദുൾ കലാമടക്കമുള്ള പ്രമുഖർ പേനയുമായെത്തിയ ഈ ആശുപത്രി രാജ്യത്തെ തന്നെ ആദ്യ പെൻ ഹോസ്പിറ്റലാണ്. തൃശൂർ പാലസ് റോഡിലുള്ള പെൻ ഹോസ്പിറ്റലിന് എൺപത്തിയഞ്ച് വർഷത്തിലധികം പഴക്കമുണ്ട്.
തൃശ്ശൂർ സാഹിത്യ അക്കാദമിക്ക് മുന്നിലെ പെൻ ഹോസ്പിറ്റലിന് സാധാരണക്കാരുടെയും സാഹിത്യ പ്രതിഭകളുടെയും മുതൽ ദേശീയ രാഷ്ട്രീയത്തിലെ അതികായന്മാരുടെ വരെ പേനകളുടെ ദീനം മാറ്റിയ ചരിത്രമുണ്ട്. പേന ആവശ്യത്തിനൊപ്പം ആഢംബരമായിരുന്ന കാലത്ത് നിന്നും മഷി തീർന്നാൽ ഒഴിവാക്കാൻ കഴിയുന്ന ഇക്കാലത്തേക്ക് എത്തിയിട്ടും പുനർ ഉപയോഗത്തിന് പ്രേരിപ്പിക്കുന്ന ഇടമായാണ് ഇന്നും പാലസ് റോഡിലെ പെൻ ഹോസ്പിറ്റൽ അടയാളപ്പെടുത്തുന്നത്.
1937-ൽ തൃശ്ശൂർ കാളത്തോട് കൊലോത്തുപറമ്പിൽ അബ്ദുള്ളയാണ് ഈ സ്ഥാപനം തൃശ്ശൂരിൽ സ്ഥാപിച്ചത്. പിന്നീട് മകൻ നാസർ പേനയുടെ വ്യാധി ശമിപ്പിക്കുന്ന ഡോക്ടറായി തുടർന്നു.ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൾകലാമിന് ഫ്രാൻസിന്റെ പ്രസിഡന്റ് സമ്മാനിച്ച പേന എറണാകുളത്ത് മരംനടുന്ന ചടങ്ങിൽ താഴെവീണ് കേടായപ്പോൾ നന്നാക്കാനായി എത്തിച്ചതും ഇവിടെയാണ് എന്നത് പെൻ ഹോസ്പിറ്റലിന്റെ ചരിത്രത്തിലെ നാഴികകല്ലാണ്.
ദിവസവും നിരവധിയാളുകളാണ് തങ്ങളുടെ പേനകളുമായി ഈ സ്ഥാപനത്തിലേക്കെത്തുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ വലിച്ചെറിയപ്പെടുന്ന ഒരു മാലിന്യം കൂടിയാണ് ഇല്ലാതാകുന്നത്. കഴിഞ്ഞ 85 വിർഷത്തിനിടയിൽ നിരവധി വാർത്താ മാധ്യമങ്ങളിൽ പെൻ ഹോസ്പിറ്റൽ ഇടം നേടി. ഇന്ത്യയിലെ പേനകളുടെ ചരിത്രം പറയുന്ന പുസ്തകത്തിലും ഇടം നേടിയിട്ടുണ്ട് ഈ പെൻഹോസ്പിറ്റൽ. ബിബേക് ഡെബ്റോയ് എഴുതിയ 'ഇങ്ക്ട് ഇൻ ഇന്ത്യ' എന്ന പുസ്തകത്തിലാണ് രാജ്യത്തെ ആദ്യത്തെ ഈ പെൻ ഹോസ്പിറ്റലിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...