തിരുവനന്തപുരം: മുട്ടിൽ മരംമുറിയിൽ വിവാദ ഉത്തരവിറക്കാൻ നിർദേശം നൽകിയത് മുൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ (E Chandrasekharan). 2020 ഒക്ടോബർ അഞ്ചിന് ഇ.ചന്ദ്രശേഖരൻ നൽകിയ കുറിപ്പ് പുറത്ത്. മരംമുറി തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് നിർദേശിച്ചതും മന്ത്രിയാണെന്നും ഉത്തരവിലൂടെ (Order) വ്യക്തമാക്കുന്നു.
ചന്ദനം, ഈട്ടി, തേക്ക്, കരിമരം എന്നിവ മുറിക്കാനാകില്ലെന്ന നിയമവ്യവസ്ഥ മറികടക്കാനാണ് വിവാദ ഉത്തരവിറക്കാൻ നിർദേശിച്ചത്. മന്ത്രി നേരിട്ട് നിർദേശിച്ച് ഒപ്പിട്ട ഉത്തരവിൽ ഈ നാല് മരങ്ങളും മുറിക്കാമെന്നും ഇതിന് ആരുടെയും അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നും പറയുന്നു.
ഉത്തരവിറക്കാൻ റവന്യൂ സെക്രട്ടറിക്ക് (Revenue secretary) നിർദേശം നൽകിയത് മന്ത്രിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. രാജകീയ മരങ്ങൾ മുറിക്കാൻ പാടില്ലെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ പോലും അവഗണിക്കപ്പെട്ടു. റവന്യൂ പട്ടയ ഭൂമിയിലെ മരംമുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണൽ എജിയുടെയും ഉപദേശം വാങ്ങി വേണം ഉത്തരവിറക്കാൻ എന്ന് വ്യക്തമാക്കിയിട്ടുള്ള മന്ത്രി തന്നെയാണ് ഉത്തരവിറക്കാൻ സമ്മർദ്ദം ചെലുത്തിയിരിക്കുന്നത്. മന്ത്രിക്ക് നിയമോപദേശം ലഭിച്ചിട്ടില്ലെന്നും ഫയലിൽ നിന്ന് വ്യക്തമാണ്.
കുട്ടമ്പുഴ വനമേഖലയിലെ കർഷകർ അവർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് അനുമതി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2019 ജൂൺ 27ന് വനം മന്ത്രി യോഗം വിളിച്ചു. പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനും വനംവകുപ്പ് അന്ന് എതിരായിരുന്നില്ല.
ALSO READ: Forest robbery case: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകൾ
എന്നാൽ ചന്ദനം, ഈട്ടി, തേക്ക്, കരിമരം തുടങ്ങിയ രാജകീയ മരങ്ങൾ മുറിക്കാൻ സാധിക്കില്ല അത് സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണെന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ചത്. തുടർന്ന് റവന്യൂവകുപ്പിന്റെ അഭിപ്രായം അറിയാനുള്ള നിർദേശം തേടിയിരുന്നു. 2019 സെപ്തംബറിൽ റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ ഒരു യോഗം ചേർന്നിരുന്നു. ഈ യോഗത്തിലും വനംവകുപ്പ് (Forest department) രാജകീയ മരങ്ങൾ മുറിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് ആവർത്തിച്ചത്.
തുടർന്ന് ഇതേ യോഗത്തിൽ തന്നെ പട്ടയം ലഭിച്ച കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനുള്ള ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനുള്ള തീരുമാനം എടുത്തു. 2020 ഒക്ടോബർ അഞ്ചിന് ചന്ദ്രശേഖരൻ നൽകിയ കുറിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. രാജകീയ മരങ്ങൾ മുറിക്കാനാകില്ലെന്ന വ്യവസ്ഥ മറികടക്കാനാണ് ഉത്തരവ് ഇറക്കാൻ നിർദേശിച്ചിരിക്കുന്നത്.
ALSO READ: Forest robbery case: വനംകൊള്ള വനംമന്ത്രിയുടെ അറിവോടെയെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് K Sudhakaran
മരങ്ങൾ മുറിക്കുന്നതിന് ആരുടെയും അനുവാദം വാങ്ങേണ്ടതില്ലെന്നും മരംമുറി തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നിർദേശമുണ്ടായിരുന്നു. അതേസമയം, എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് മരംമുറി ഉത്തരവ് ഇറക്കിയതെന്ന് ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി. ഉത്തരവിന്റെ ഉത്തരവാദിത്വത്തിൽ ഉറച്ച് നിൽക്കുന്നു. ഉത്തരവ് സദ്ദുദേശ്യത്തോടെയുള്ളതായിരുന്നു. രാജകീയ മരങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ചന്ദ്രശേഖരന്റെ വാദം.
കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഉദ്യോഗസ്ഥർ ഇടപെടരുതെന്നാണ് റവന്യൂ സെക്രട്ടറി ഉത്തരവ് ഇറക്കിയത്. ഒരു സമ്മർദ്ദത്തിന്റെയും അടിസ്ഥാനത്തിലല്ല ഉത്തരവ് ഇറക്കിയത്. ഉത്തരവിറങ്ങിയ ശേഷം റവന്യൂ ഉദ്യോഗസ്ഥർ തടസ്സം ഉണ്ടാക്കരുതെന്ന നിർദേശമാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA