Forest robbery case: വനംകൊള്ള വനംമന്ത്രിയുടെ അറിവോടെയെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് K Sudhakaran

വിവാദ ഉത്തരവ് പിന്‍വലിച്ചതിനുശേഷം ഉടൻ തന്നെ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് കോടിക്കണക്കിന് രൂപയുടെ തടി വയനാട് മുട്ടിലില്‍ നിന്ന് എറണാകുളത്തെ മില്ലിലെത്തിയതെന്ന് കെ സുധാകരൻ ആരോപിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 24, 2021, 05:47 PM IST
  • ചെക്‌പോസ്റ്റില്‍ പരിശോധന കൂടാതെയും ഫ്ല​യിങ് സ്‌ക്വാഡിനെ പിന്‍വലിച്ചും മരംകടത്ത് സുഗമമാക്കി
  • നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി ഉത്തരവിറക്കി ശതകോടികളുടെ വനംകൊള്ളയ്ക്ക് അവസരം ഒരുക്കുക മാത്രമല്ല, കള്ളത്തടി കടത്താനും കൂട്ടുനിന്നു
  • കേരളം കണ്ട ഏറ്റവും വലിയ വനംകൊള്ളയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്
  • കേരളത്തിന്റെ അമൂല്യസ്വത്ത് കൊള്ളയടിച്ച് കിട്ടിയ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി സര്‍ക്കാരിന് ധാര്‍മിക അടിത്തറ നഷ്ടപ്പെട്ടുവെന്നും കെ സുധാകരൻ പറഞ്ഞു
Forest robbery case: വനംകൊള്ള വനംമന്ത്രിയുടെ അറിവോടെയെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് K Sudhakaran

തിരുവനന്തപുരം: മുന്‍ വനംമന്ത്രിയുടെ അറിവോടും ഒത്താശയോടും കൂടിയാണ് വ്യാപകമായ വനം കൊള്ള (Forest robbery) നടന്നതെന്ന രേഖകളും കണ്ടെത്തലുകളും ഞെട്ടിപ്പിക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. വിവാദ ഉത്തരവ് പിന്‍വലിച്ചതിനുശേഷം ഉടൻ തന്നെ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് കോടിക്കണക്കിന് രൂപയുടെ തടി വയനാട് മുട്ടിലില്‍ നിന്ന് എറണാകുളത്തെ മില്ലിലെത്തിയത്. ചെക്‌പോസ്റ്റില്‍ (Check post) പരിശോധന കൂടാതെയും  ഫ്ല​യിങ് സ്‌ക്വാഡിനെ പിന്‍വലിച്ചും മരംകടത്ത് സുഗമമാക്കി. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി ഉത്തരവിറക്കി ശതകോടികളുടെ വനംകൊള്ളയ്ക്ക് അവസരം ഒരുക്കുക മാത്രമല്ല, കള്ളത്തടി കടത്താനും കൂട്ടുനിന്നുവെന്നത് അതീവ ഗുരുതരമാണെന്ന് കെ സുധാകരൻ പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ വനംകൊള്ളയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. വനംകൊള്ളയുടെ ആഴവും പരപ്പും ഇനിയും പുറത്തുവരാനിരിക്കുന്നു. ഈ കൊള്ളയിലൂടെ സിപിഎമ്മും സിപിഐയും സമാഹരിച്ച കോടികളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍  വിനിയോഗിച്ചത്. കേരളത്തിന്റെ അമൂല്യസ്വത്ത് കൊള്ളയടിച്ച് കിട്ടിയ  പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി സര്‍ക്കാരിന് ധാര്‍മിക അടിത്തറ നഷ്ടപ്പെട്ടു. വനംകൊള്ളക്കാരുടെ മുഖമാണ് ഇപ്പോള്‍ ഈ സര്‍ക്കാരിനുള്ളതെന്നും സുധാകരൻ പറഞ്ഞു.

ALSO READ: Forest robbery case: പ്രതിഷേധം ശക്തമാക്കി യുഡിഎഫ്; മുൻ വനം-റവന്യു മന്ത്രിമാരുടെ പങ്ക് വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ്

കഴിഞ്ഞ സര്‍ക്കാരിലെ വനംമന്ത്രിയും റവന്യൂമന്ത്രിയും മുഖ്യമന്ത്രിയും (Chief minister) ഉള്‍പ്പെട്ട കേസാണ് പോലീസ് അന്വേഷിക്കുന്നത്. അനധികൃതമായി ഇറക്കിയ ഉത്തരവിന്റെ പിന്നാമ്പുറങ്ങളിലേക്ക് എത്താനോ, ഉന്നതരുടെ ഇടപെടലുകള്‍ കണ്ടെത്താനോ പോലീസ് അന്വേഷണത്തില്‍ കഴിയില്ല. വനംവകുപ്പിന്റെ അന്വേഷണത്തില്‍ കുറ്റക്കാരെ വെള്ളപൂശുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ, ഹൈക്കോടതിയുടെ നേരിട്ടുള്ള അന്വേഷണമോ നടത്തിയാല്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

മരംമുറിയുടെ  പേരില്‍ നിരപരാധികളായ കര്‍ഷകരുടെയും ദളിത് ആദിവാസികളുടെയും പേരിൽ കേസെടുത്തത് വളരെ ക്രൂരമാണ്. ഇത് അടിയന്തരമായി സര്‍ക്കാര്‍ പുനപരിശോധിക്കണം. ഇവര്‍ക്ക് നാമമാത്രമായ പണം നൽകി ഇടനിലക്കാരാണ് കൊള്ള നടത്തിയത്. കര്‍ഷകരെയും ദളിത് ആദിവാസികളെയും മറയാക്കി കേരളം കണ്ട ഏറ്റവും വലിയ വനംകൊള്ളയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം വിലപ്പോകില്ലെന്നും സുധാകരൻ പറഞ്ഞു. കര്‍ഷകരുടെയും ദളിത് ആദിവാസികളുടെയും ന്യായമായ ആവശ്യങ്ങളോട് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. സത്യം പുറത്തുവരുന്നതുവരെ കോണ്‍ഗ്രസ് സമരമുഖത്തുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

ALSO READ: Forest robbery case: മുട്ടിൽ മരം മുറിക്കേസിലെ പ്രതി മുൻ വനം മന്ത്രി കെ രാജുവിന്റെ സ്റ്റാഫിനെ ഫോണിൽ വിളിച്ചതിന് സ്ഥിരീകരണം

കേരളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ കൊള്ളയാണ് നടന്നതെന്നും സര്‍ക്കാര്‍ സമാധാനം പറഞ്ഞേ തീരൂവെന്നും പ്രതിപക്ഷ നേതാവ് (Opposition leader) വിഡി സതീശൻ പറഞ്ഞു. വനം മാഫിയക്ക് എന്തും ചെയ്യാനുള്ള ലൈസൻസാണ് സര്‍ക്കാര്‍ നൽകിയത്. മുൻ വനം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ മരംകൊള്ള കേസിലെ പ്രതികൾ ബന്ധപ്പെട്ടതിന് വരെ തെളിവ് പുറത്ത് വന്നിരിക്കുകയാണ്. മുൻ വനം മന്ത്രിയുടെ സ്റ്റാഫിന് പ്രതികളുമായി എന്താണ് ബന്ധമെന്ന് വ്യക്തമാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനം ആണെന്നും കബളിപ്പിക്കപ്പെട്ട ആദിവാസികൾക്കെതിരെ പോലും കേസെടുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യത്തിൽ നിന്ന് യുഡിഎഫ് പുറകോട്ടില്ല. മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കൾക്കും വരെ പങ്കുണ്ടെന്നിരിക്കെ നീതി കിട്ടും വരെ പ്രതിഷേധമെന്ന നിലപാടിലാണ് പ്രതിപക്ഷം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News