കൊറോണ വൈറസ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് തന്നാലാകുന്ന സഹായം ചെയ്ത് ഒരു സലൂണ്‍ ഉടമ. എറണാകുളം കടവന്ത്ര കുമാരനാശാന്‍ നഗറില്‍ കിംഗ് സ്റ്റൈല്‍ ഹെയര്‍ കട്ട് സലൂണിന്‍റെ ഉടമയായ ഗോപിയാണ് നന്മ നിറയ്ക്കുന്നത്.
14 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി മുടി വെട്ടി കൊടുത്താണ് ഗോപിയുടെ സഹായം. കുട്ടികള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതായി അറിയിച്ച് കടയുടെ മുന്‍പില്‍ ഗോപി ഒരു ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
തൊഴിലിലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും രൂക്ഷമായ കൊറോണ കാലത്ത് തന്നാലാകുന്ന സഹായം ആളുകള്‍ക്ക് ചെയ്യുക എന്നേ കരുതിയുള്ളൂവെന്നും കൊറോണ മാറുന്നത് വരെ കുട്ടികള്‍ക്ക് സൗജന്യമായി മുടി വെട്ടി കൊടുക്കാനാണ് തന്‍റെ തീരുമാനമെന്നും ഗോപി പറയുന്നു. ആദ്യം പത്ത് വയസിനു താഴെയുള്ള കുട്ടികള്‍ക്കായാണ് സേവനം ലഭ്യമാക്കിയിരുന്നതെങ്കിലും പിന്നീടു അത് 14 വയസാക്കി ഉയര്‍ത്തുകയായിരുന്നു.
ഏറണാകുളത്ത് തന്നെ മൂന്നു കടകളാണ് ഗോപിയ്ക്കുള്ളത്. മുടി വെട്ടാന്‍ വരുന്ന കുട്ടികളില്‍ നിന്നും പണം ഈടാക്കരുതെന്ന് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ചിലര്‍ നിര്‍ബന്ധമായി പണം നല്‍കുമെന്നും ഗോപി പറയുന്നു.