Kerala electricity ​issue | സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും പലയിടത്തും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു; അപകട സാധ്യതകൾ ടോൾഫ്രീ നമ്പറിൽ അറിയിക്കാം

പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്‌ തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിന് വലിയതോതിൽ നാശനഷ്ടമുണ്ടായെന്ന് കെഎസ്ഇബി അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Oct 16, 2021, 09:15 PM IST
  • കാലവർഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്
  • പൊതുജനങ്ങൾ ജാഗ്രത പുലർത്തണം
  • വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ അതത് കെഎസ്ഇബി സെക്ഷൻ ഓഫീസിലോ, പ്രത്യേക എമർജൻസി നമ്പറായ 9496010101 ലോ അറിയിക്കേണ്ടതാണ്
  • വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ കെഎസ്ഇബിയുടെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പരായ 1912 ൽ വിളിച്ച് രേഖപ്പെടുത്താവുന്നതാണ്
Kerala electricity ​issue | സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും പലയിടത്തും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു; അപകട സാധ്യതകൾ ടോൾഫ്രീ നമ്പറിൽ അറിയിക്കാം

തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായുണ്ടായ തീവ്രമായ മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടം. ഉയർന്ന വോൾട്ടേജ് കടന്ന് പോകുന്ന ലൈനുകൾക്ക് വരെ തടസ്സമുണ്ടായിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. കോട്ടയം ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്‌ തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിന് വലിയതോതിൽ നാശനഷ്ടമുണ്ടായെന്ന് കെഎസ്ഇബി അറിയിച്ചു.

കാലവർഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്.  പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ അതത് കെഎസ്ഇബി സെക്ഷൻ ഓഫീസിലോ, പ്രത്യേക എമർജൻസി നമ്പറായ 9496010101 ലോ അറിയിക്കേണ്ടതാണ്. വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ കെഎസ്ഇബിയുടെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പരായ 1912 ൽ വിളിച്ച് രേഖപ്പെടുത്താവുന്നതാണ്.

പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയുണ്ട്. പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവയ്ക്കാതെ ഈ കോവിഡ് മഹാമാരിയുടെ കാലത്തും കെഎസ്ഇബി ജീവനക്കാർ പൂർണ്ണമായും കർമ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ചിലയിടങ്ങളിൽ രാത്രി തന്നെ വൈദ്യുതി പുന:സ്ഥാപിക്കുവാൻ കഴിഞ്ഞേക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

പെട്ടെന്നുണ്ടായ പ്രകൃതി ദുരന്തം മൂലം ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ കെഎസ്ഇബി ജീവനക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ആശുപത്രികളിലേക്കും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്സിജൻ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുന:സ്ഥാപിക്കുകയും വൈദ്യുതി മുടങ്ങാതിരിക്കാൻ ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ട്. വ്യാപകമായി നാശമുണ്ടായ പ്രദേശങ്ങളിൽ, ആരംഭിച്ച വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. മരങ്ങൾ വെട്ടിമാറ്റിയും ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിച്ചും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുവാനായി പരിശ്രമിക്കുന്നുണ്ട്.

വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11കെവി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെഎസ്ഇബി മുൻഗണന നൽകുക. തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികൾ പരിഹരിക്കുക. ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാൻ ജീവനക്കാർ പരിശ്രമിക്കുന്നുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News