മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് അടിയന്തരാവസ്ഥയ്ക്ക് തുല്യം

മംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ രൂക്ഷമായി പ്രതികരിച്ച് ദേവസ്വം മന്ത്രി രംഗത്ത്.  

Last Updated : Dec 20, 2019, 03:39 PM IST
മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് അടിയന്തരാവസ്ഥയ്ക്ക് തുല്യം

തിരുവനന്തപുരം: മംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ രൂക്ഷമായി പ്രതികരിച്ച് ദേവസ്വം മന്ത്രി രംഗത്ത്.

മാധ്യമപ്രവര്‍ത്തകരുടെ കൃത്യനിര്‍വഹണത്തെ തടയുകയും ചട്ടവിരുദ്ധമായി അവരെ കസ്റ്റഡിയില്‍ വെയ്ക്കുകയും ചെയ്ത കര്‍ണാടക പൊലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം മുന്നോട്ട് വന്നത്.

കര്‍ണാടക പൊലീസിന്‍റെ ഈ നടപടി അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ സംഭവമാണെന്നാണ് കടകംപള്ളി പ്രതികരിച്ചത്. മാത്രമല്ല ഈ കര്‍ണാടക സംസ്ഥാനം വെളളരിക്കാപ്പട്ടണമാണോയെന്നും കടകംപളളി ചോദിച്ചു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തിലെത്തിയതിന് പിന്നില്‍ മലയാളികളാണെന്ന കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വ്യവസായ മന്ത്രി ഇപി ജയരാജനും രംഗത്തെത്തിയിരുന്നു.

ഒരു മന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് ബസവരാജ് ബൊമ്മൈ പറഞ്ഞത്. അത് സത്യപ്രതിജ്ഞ ലംഘനമാണിതെന്നും മന്ത്രി പറഞ്ഞു.

Also read: കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയം: ഇ.പി ജയരാജന്‍

മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായതിന് പിന്നില്‍ പുറത്തുനിന്നുള്ളവരാണെന്നും ഇതില്‍ അയല്‍ സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ളവരും ഉള്‍പ്പെടുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു.

മാത്രമല്ല ഇവര്‍ ആക്രമണം നടത്താന്‍ കഴിഞ്ഞ നാല് ദിവസമായി ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാര്‍ മംഗളൂരു നോര്‍ത്ത് പോലീസ് സ്‌റ്റേഷന് തീയിടാന്‍ ശ്രമിച്ചിരുന്നു അപ്പോഴാണ് പോലീസ് വെടിയുതിര്‍ത്തതെന്നും ഡല്‍ഹിയില്‍ മധ്യമങ്ങളോട് പ്രതികരിക്കവേ ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

കൂടാതെ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ കാരണമാണ് ഈ പ്രതിഷേധങ്ങള്‍ നടക്കുന്നതെന്നും അക്രമികളെ കര്‍ശനമായി നേരിടുമെന്നും ബസവരാജ് പറഞ്ഞു. 

Trending News