തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫ് 25 സീറ്റുകളിൽ; 12 ഇടങ്ങളിൽ യുഡിഎഫ്; തൃപ്പൂണിത്തുറയിൽ ബിജെപിക്ക് നേട്ടം

Kerala Local Body By-Election Results 2022 തൃപ്പൂണിത്തുറയിൽ എൽഡിഎഫിന് തിരിച്ചടി സൃഷ്ടിച്ച് രണ്ട് വാർഡുകളിൽ ബിജെപിക്ക് ജയം. നഗരസഭയിൽ ഇടതുമുന്നണിയ്ക്ക് കേവല ഭൂരിപക്ഷം നഷ്ടമായി.

Written by - Zee Malayalam News Desk | Last Updated : May 18, 2022, 07:57 PM IST
  • 25 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു.
  • 12 സീറ്റുകളാണ് യുഡിഎഫ് നേടിയത്.
  • തിരഞ്ഞെടുപ്പിൽ ആകെ ആറ് സീറ്റുകളിൽ വിജയിച്ച ബിജെപി കൊച്ചി കോര്‍പറേഷനിലെ സൗത്ത് ഡിവിഷൻ നിലനിർത്തി.
  • കൊല്ലം വെളിനെല്ലൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണനഷ്ടമുണ്ടായി
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫ് 25 സീറ്റുകളിൽ; 12 ഇടങ്ങളിൽ യുഡിഎഫ്; തൃപ്പൂണിത്തുറയിൽ ബിജെപിക്ക് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കുതിപ്പ്. 25 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. ഏഴു വാർഡുകൾ പിടിച്ചെടുക്കുകയും ചെയ്തു. 12 സീറ്റുകളാണ് യുഡിഎഫ് നേടിയത്. നാലു വാർഡുകൾ എൽഡിഎഫിൽ നിന്ന് യുഡിഎഫും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പിൽ ആകെ ആറ് സീറ്റുകളിൽ വിജയിച്ച ബിജെപി കൊച്ചി കോര്‍പറേഷനിലെ സൗത്ത് ഡിവിഷൻ നിലനിർത്തി. തൃപ്പൂണിത്തുറയിൽ എൽഡിഎഫിന് തിരിച്ചടി സൃഷ്ടിച്ച് രണ്ട് വാർഡുകളിൽ ബിജെപിക്ക് ജയം. നഗരസഭയിൽ ഇടതുമുന്നണിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി.

അതേസമയം കൊല്ലം വെളിനെല്ലൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണനഷ്ടമുണ്ടായി. എന്നാൽ കൊല്ലം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ആറിൽ അഞ്ചിടത്തും എൽഡിഎഫ് വിജയിച്ചു. ഇവിടെ എൽഡിഎഫ് യുഡിഎഫിൽ നിന്നും രണ്ട് സീറ്റുകളും ബിജെപിയിൽ നിന്ന് ഒരു സീറ്റും പിടിച്ചെടുത്തു. 

ALSO READ : മുഖ്യമന്ത്രിയ്ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് കെ.സുധാകരൻ; പറഞ്ഞത് നാട്ടുശൈലി, ബുദ്ധിമുട്ട് തോന്നിയെങ്കിൽ പിൻവലിക്കുന്നുവെന്ന്

എറണാകുളത്ത് യുഡിഎഫ് സുരക്ഷിത ഭൂരിപക്ഷത്തോടെ നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. അതേസമയം, ആറ് സീറ്റുകളിൽ വിജയിച്ച ബിജെപി കൊച്ചി കോര്‍പ്പറേഷനിലെ സീറ്റ് നിലനിർത്തുകയും ചെയ്തു. കൂടാതെ തൃപ്പൂണിത്തുറയില്‍ രണ്ട് എല്‍ഡിഎഫ് വാര്‍ഡുകള്‍ ബിജെപി പിടിച്ചെടുത്തു. ഇളമനത്തോപ്പ്, പിഷാരിക്കോവില്‍ ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ഇടതിന് തിരിച്ചടി നേരിട്ടത്. ഇതോടെ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി. ഇവിടെ യുഡിഎഫ്, ബിജെപി അംഗബലം എല്‍ഡിഎഫിനും മുകളിലാണ്. 

ഏറ്റുമാനൂര്‍ നഗരസഭയിലും ഇടമലക്കുടിയിലും ബിജെപിക്കാണ് ജയം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ നഗരസഭയിലെ 35-ാം വാർഡ് ബിജെപി നിലനിർത്തി. സുരേഷ് ആർ. നായർ 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇതോടെ ഇവിടെയും ഇടതുമുന്നണിക്ക് ഭരണത്തിലെത്താൻ കഴിഞ്ഞില്ല.

ALSO READ : മലയോര - ആദിവാസി മേഖലയിലുള്ളവർക്ക് ഒരു വർഷത്തിനുള്ളിൽ പട്ടയം: മന്ത്രി കെ രാജൻ

കക്കാട് സിറ്റിങ്ങ് സീറ്റ് യുഡിഎഫ് നിലനിര്‍ത്തി. ഇവിടെ ഭൂരിപക്ഷം നിലനിര്‍ത്താനായത് അഭിമാനകരമായ നേട്ടമായി. ഇടുക്കിയിൽ മൂന്നിടങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. അയപ്പൻകോവിലിൽ എൽഡിഎഫും ഇടമലക്കുടിയിൽ ബിജെപിയും സീറ്റ് നില നിർത്തിയപ്പോൾ ഉടുമ്പന്നൂരിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.

മലപ്പുറത്തെ ആലംകോട് പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോൾ വള്ളിക്കുന്ന് യുഡിഎഫ് സിറ്റിങ്ങ് സീറ്റ് ഇടതുമുന്നണിയും പിടിച്ചെടുത്തു. എവിടെയും ഭരണമാറ്റമില്ല. കണ്ണൂര്‍ ജില്ലയില്‍ ആറ് തദ്ദേശവാര്‍ഡുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഒരിടത്തും അട്ടിമറി നടന്നിട്ടില്ല. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഇടതുമുന്നണി വിജയിച്ചു. പഞ്ചായത്ത് ഭരണം നിര്‍ണയിക്കുന്ന ഫലമാണ് മുഴപ്പിലങ്ങാടുണ്ടായത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News