കേരളപ്പിറവി 2021: ഐക്യകേരളത്തിന് ഇന്ന് 65ാം പിറന്നാൾ

Kerala Piravi 2021: ഐക്യകേരളത്തിന് ഇന്ന് 65ാം പിറന്നാൾ. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം.   

Written by - Ajitha Kumari | Last Updated : Nov 1, 2021, 07:53 AM IST
  • 65 ന്റെ നിറവിൽ ഐക്യകേരളം
  • കേരളം രൂപം കൊണ്ടത് 1956 നവംബര്‍ ഒന്നിനാണ്
  • മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു
കേരളപ്പിറവി 2021: ഐക്യകേരളത്തിന് ഇന്ന് 65ാം പിറന്നാൾ

Kerala Piravi 2021: ഐക്യകേരളത്തിന് ഇന്ന് 65ാം പിറന്നാൾ. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. കേരളം രൂപം കൊണ്ടത് 1956 നവംബര്‍ ഒന്നിനാണ്. 

ഏത് പ്രതിസന്ധി ഘട്ടത്തെയും പോരാടി വിജയിച്ച കേരള ജനതയ്‌ക്ക് ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികമാണ്.

ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നിൽക്കുകയായിരുന്നു മലയാളികൾ. 

Also Read: Kerala piravi day | കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

1947ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് 5 ജില്ലകളെ കോർത്തിണക്കിയുള്ള ഐക്യ കേരളത്തിന്‍റെ പിറവി. അങ്ങനെ 1956 നവംബർ ഒന്നിന് കേരളം യാഥാർത്ഥ്യമായി. 

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളുടെ കൂടിച്ചേരല്‍. അവതാര ഐതീഹ്യത്തോളം പഴക്കമുള്ള ദേശം ഐക്യരൂപം കൊണ്ടത് മലയാളഭാഷയുടെ പേരില്‍. 

മലയോരവും തീരവും ഇടനാടും ചേര്‍ന്ന വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ ദൈവത്തിന്‍റെ സ്വന്തം നാടായി നമ്മുടെ കേരളം. മലയാളികൾക്ക് എന്നും അവകാശപ്പെടാവുന്ന ഒന്നാണ് കേരളം പാരിസ്ഥികമായും സാമൂഹികമായും ഒരുപടി മുൻപിൽ തന്നെയാണെന്ന്.  

Also Read: Kerala School Reopening: ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകൾ തുറക്കും 

പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ കാടും പുഴകളും നദികളും കൊണ്ട് സമ്പന്നമാണ്. മാത്രമല്ല മനുഷ്യർക്ക് താമസിക്കാൻ അനുയോജ്യമായ ഒരു കാലാവസ്ഥയും നമ്മുടെ കൊച്ചു കേരളത്തിനുണ്ട്. 

ഭാഷാ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഇന്ത്യയില്‍ പലയിടത്തും പോരാട്ടങ്ങളും അരങ്ങേറി. അവയുടെയെല്ലാം വിജയം കൂടിയായിരുന്നു കേരളപ്പിറവി. 1955 സെപ്റ്റംബറില്‍ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതില്‍ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാര്‍ശയുണ്ടായിരുന്നു. 

സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്‍റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. 

Also Read: Horoscope 01 November: ഇന്ന് മേടം രാശിക്കാർക്ക് അനുകൂല ദിനം, കന്നി രാശിക്കാർ  മുൻകരുതൽ എടുക്കേണ്ടിവരും

ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍ഗോഡ് താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. 

കേരള സംസ്ഥാനത്തിന്‍റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. നവംബര്‍ ഒന്നിന് പഴയ തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുനാള്‍ ബാല രാമ വര്‍മ്മ തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നു വിരമിച്ചു. 

ബി. രാമകൃഷ്ണ റാവു ഗവര്‍ണറായി തിരു കൊച്ചിയില്‍ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്. 

Also Read: Venus Transit October 2021: ദീപാവലിക്ക് മുമ്പ് ഈ 5 രാശിക്കാർക്ക് ധന വർഷം, ഇതിൽ നിങ്ങളുണ്ടോ?

കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28നായിരുന്നു. ആ തെരഞ്ഞെടുപ്പിലൂടെ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള കേരള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

തിരു കൊച്ചി, തിരുവിതാംകൂർ രാജവംശങ്ങളുടെ ഭരണത്തിനും അതോടെ അറുതിയായി. ആദ്യ തിരഞ്ഞെടുപ്പും കേരളത്തെ ലോകത്തിന് മുന്നിൽ വ്യത്യസ്തരാക്കി. 

ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന റെക്കോർഡ് ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് ലഭിച്ചു. പിന്നീട് സംഭവ ബഹുലമായ അര നൂറ്റാണ്ടിന്‍റെ രാഷ്ട്രീയ ചരിത്രത്തിലൂടെയാണ് കേരളം കടന്നുപോയത്.

സംസ്ഥാനം പിറവിയെടുക്കുമ്പോള്‍ പകുതിയിലധികം ജനങ്ങളും കര്‍ഷകരായിരുന്നു.  പരിഷ്‌കരണത്തിന്‍റെ പേരില്‍ വീതം വയ്ക്കപ്പെട്ട ഭൂമിയില്‍ ഇന്ന് കൃഷിയിറക്കുന്നത് വിരലിലെണ്ണാവുന്ന ശതമാനം ആളുകള്‍ മാത്രം. 

മാറിമാറി വന്ന സര്‍ക്കാരുകള്‍ നയങ്ങള്‍ കൊട്ടിഘോഷിച്ചെങ്കിലും ഭൂമിയുടെ അവകാശത്തിനായി വനവാസികളടക്കമുളളവരുടെ പോര് ഇന്നും തുടരുന്നു. സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെല്ലാം രാജ്യത്തെ മുന്നോട്ട് നയിക്കാനും മാതൃകയാക്കാനും അന്നും ഇന്നും മലയാളികൾ മത്സരിച്ചുകൊണ്ടിരിക്കുന്നുവെന്നത് മറ്റൊരു സത്യമാണ്. 

Also Read: Diwali 2021 Money Remedies: ദീപാവലിക്ക് ധനലാഭമുണ്ടാകാൻ ഈ നടപടികൾ ചെയ്യു, ലക്ഷ്മീദേവിയുടെ കൃപ ലഭിക്കും

നിഷേധാത്മക സമീപനങ്ങള്‍ വ്യാവസായിക മേഖലയ്ക്ക് വിഘാതമായപ്പോള്‍ മലയാളി ആശ്രയിച്ചത് പ്രവാസജീവിതത്തെ. അതാകട്ടെ നമുക്ക് സമ്മാനിച്ചത് പുതിയ സാമൂഹിക സാമ്പത്തിക ഘടനയും.

മറ്റൊരു പ്രത്യേകത കേരളത്തിലെ സാക്ഷരതയാണ്. സമ്പൂര്‍ണ സാക്ഷരതയിലൂടെയാണ് കേരളം രാജ്യത്തിന് വഴികാട്ടിയാകുന്നത്. മാത്രമല്ല അഞ്ചു ജില്ലകൾ മാത്രമായാണ് കേരളസംസ്ഥാനം രൂപം കൊണ്ടതെങ്കിലും ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിനുണ്ട്. ഓരോ ജില്ലകൾക്കും അതിന്റേതായ പ്രത്യേകതയുമുണ്ട്.  

കൊറോണ മഹാമാരി ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ഏവർക്കും ഒന്നിച്ച് മാസ്കിട്ട് സാമൂഹിക അകലം പാളിച്ച് കേരളപ്പിറവി ആഘോഷിക്കാം.  എല്ലാ മലയാളികൾക്കും സീ ഹിന്ദുസ്‌ഥാൻ മലയാളം ടീമിന്റെ കേരളപ്പിറവി ആശംസകള്‍...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News